ജിദ്ദ– രാസവള മേഖലയിൽ സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള പങ്കാളിത്തം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി സൗദി വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദർ അൽഖുറൈഫും ഇന്ത്യൻ കെമിക്കൽ-വളം മന്ത്രി ജഗത് പ്രകാശ് നദ്ദയും ചർച്ച നടത്തി. വീഡിയോ കോൺഫറൻസിങ് വഴി നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല ബന്ധത്തെയും സാമ്പത്തിക സഹകരണത്തെയും മന്ത്രിമാർ പ്രശംസിച്ചു. പൊതുവായ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും സാമ്പത്തിക വികസനം ലക്ഷ്യമിട്ടും ഇരുരാജ്യങ്ങളിലുമുള്ള മികച്ച നിക്ഷേപ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ പ്രാധാന്യം യോഗത്തിൽ ഊന്നിപ്പറഞ്ഞു.
ആഗോള ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ ഫോസ്‌ഫേറ്റ്, രാസവള ഉൽപ്പന്നങ്ങൾ വഹിക്കുന്ന വലിയ പങ്കിനെക്കുറിച്ച് മന്ത്രിമാർ സംസാരിച്ചു. ഇവയുമായി ബന്ധപ്പെട്ട വിതരണ ശൃംഖലകൾ വികസിപ്പിക്കാനുള്ള വിവിധ മാർഗങ്ങൾ ചർച്ചയിൽ അവലോകനം ചെയ്തു. ഖനന കാര്യങ്ങൾക്കായുള്ള സൗദി ഡെപ്യൂട്ടി മന്ത്രി എൻജിനീയർ ഖാലിദ് അൽമുദൈഫർ, ഇന്ത്യയിലെ സൗദി അംബാസഡർ ഹൈതം അൽമാലികി, സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ ഖാൻ എന്നിവരും ഈ സുപ്രധാന യോഗത്തിൽ പങ്കെടുത്തു.



