തെഹ്‌റാൻ– ഇറാനെ ആക്രമിക്കാൻ മുതിർന്നാൽ അമേരിക്കയെയും ഇസ്രായിലിനെയും പാഠം പഠിപ്പിക്കുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കറും മുഖ്യ ചർച്ചക്കാരനുമായ മുഹമ്മദ് ബാഖർ ഖാലിബാഫ് മുന്നറിയിപ്പ് നൽകി. അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാർ ദുർബലമാണെന്നും അത് വെന്റിലേറ്ററിലാണെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചതിന് പിന്നാലെയാണ് ഇറാന്റെ ഈ ശക്തമായ മറുപടി. ഏത് തരത്തിലുള്ള ആക്രമണത്തെയും നേരിടാനും തക്കതായ മറുപടി നൽകാനും ഇറാന്റെ സായുധ സേന സജ്ജമാണെന്ന് ഖാലിബാഫ് എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. തെറ്റായ തന്ത്രങ്ങളും തീരുമാനങ്ങളും എപ്പോഴും മോശം ഫലങ്ങളിലേക്കേ നയിക്കൂ എന്ന് ലോകത്തിന് അറിയാമെന്നും, ഏത് സാഹചര്യത്തെയും നേരിടാൻ തയ്യാറായ ഇറാൻ ശത്രുക്കളെ അത്ഭുതപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പത്ത് ആഴ്ചയോളമായി തുടരുന്ന സംഘർഷം ആയിരക്കണക്കിന് ജീവനുകൾ കവരുകയും ആഗോള ഊർജ്ജ വ്യാപാരത്തെ തടസ്സപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. യുദ്ധം തുടങ്ങി നാൽപ്പത് ദിവസങ്ങൾക്ക് ശേഷം ഏപ്രിൽ 8-നാണ് പാകിസ്ഥാന്റെ മധ്യസ്ഥതയിൽ ഇരുരാജ്യങ്ങളും വെടിനിർത്തൽ കരാറിലെത്തിയത്. ഇതേത്തുടർന്ന് ഇസ്ലാമാബാദിൽ വെച്ച് അമേരിക്കയും ഇറാനും തമ്മിൽ നേരിട്ടുള്ള ചർച്ചകൾ നടന്നെങ്കിലും ഒരു അന്തിമ കരാറിലെത്തുന്നതിൽ പരാജയപ്പെടുകയായിരുന്നു. തുടർന്ന് മധ്യസ്ഥർ വഴിയുള്ള ചർച്ചകൾ പുരോഗമിക്കവെയാണ്, കഴിഞ്ഞ ഞായറാഴ്ച പാകിസ്ഥാൻ വഴി ഇറാൻ കൈമാറിയ സമാധാന നിർദ്ദേശങ്ങൾ തള്ളിക്കൊണ്ട് ട്രംപ് രംഗത്തെത്തിയത്. ഇതോടെ മേഖലയിൽ വീണ്ടും യുദ്ധഭീതി ശക്തമായിരിക്കുകയാണ്.
തങ്ങളുടെ നിയമപരമായ അവകാശങ്ങൾ നേടിയെടുക്കാനാണ് ശ്രമിക്കുന്നതെന്നും യാതൊരുവിധ ഇളവുകളും ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും ഇറാൻ വിദേശ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് വ്യക്തമാക്കി. അഞ്ച് പ്രധാന നിബന്ധനകളാണ് സമാധാന കരാറിനായി ഇറാൻ മുന്നോട്ടുവെച്ചിട്ടുള്ളതെന്ന് റെവല്യൂഷണറി ഗാർഡ് മുൻ കമാൻഡർ ഇൻ ചീഫ് മുഹമ്മദ് അലി ജഅ്ഫരി വെളിപ്പെടുത്തി. യുദ്ധം പൂർണ്ണമായും അവസാനിപ്പിക്കുക, ഇറാന് മേലുള്ള ഉപരോധങ്ങൾ പിൻവലിക്കുക, മരവിപ്പിച്ച ഫണ്ടുകൾ വിട്ടുനൽകുക, യുദ്ധനഷ്ടപരിഹാരം നൽകുക, ഹോർമുസ് കടലിടുക്കിന് മേലുള്ള ഇറാന്റെ പരമാധികാരം അംഗീകരിക്കുക എന്നിവയാണ് ഈ വ്യവസ്ഥകൾ. ഈ കാര്യങ്ങളിൽ തീരുമാനമാകാതെ ഇനി ചർച്ചകൾക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ നേതൃത്വം.



