ചെന്നൈ- തമിഴ് സൂപ്പർ താരം വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ (TVK) തമിഴ്‌നാട്ടിലെ ‘ജയന്റ് കില്ലർ’ ആരാണെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ – താഹിറ. കേവലം 33,000 രൂപയുടെ ആസ്തി മാത്രമുള്ള ഒരു സാധാരണക്കാരിയായ മുസ്ലിം യുവതി. എന്നാൽ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ റാണിപ്പെട്ട് മണ്ഡലത്തിൽ അവർ കുറിച്ചത് ചരിത്രവിജയമാണ്. അർപ്പണബോധവും കഠിനാധ്വാനവും കൊണ്ട് ജനമനസ്സുകൾ കീഴടക്കിയാണ് ഈ യുവതി നിയമസഭയിലേക്ക് നടന്നുകയറിയത്.
പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള താഹിറ ടി.വി.കെയിലെ ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ള എം.എൽ.എ മാത്രമല്ല, തമിഴ്‌നാട് നിയമസഭയിലെ തന്നെ ഏറ്റവും ദരിദ്രയായ ജനപ്രതിനിധി കൂടിയാണ്. 112 കോടി രൂപയുടെ ആസ്തിയുള്ള ഡി.എം.കെ സ്ഥാനാർത്ഥിയും മുതിർന്ന നേതാവുമായ ആർ. ഗാന്ധിയെയാണ് താഹിറ പരാജയപ്പെടുത്തിയത്. പണമില്ലാതിരുന്നിട്ടും വീടുവീടാന്തരം കയറിയിറങ്ങിയും കാൽനടയായി സഞ്ചരിച്ചും വോട്ട് തേടിയ അവരുടെ ചങ്കൂറ്റം അത്ഭുതപ്പെടുത്തുന്നതാണ്.
പാർട്ടിയിൽനിന്ന് ചെറിയ പിന്തുണ മാത്രമാണ് ലഭിച്ചതെങ്കിലും, കോടീശ്വരനായ മുൻ മന്ത്രിയെ പരാജയപ്പെടുത്തിയതോടെയാണ് താഹിറ തമിഴ് രാഷ്ട്രീയത്തിലെ ‘ജയന്റ് കില്ലർ’ (അതികായന്മാരെ വീഴ്ത്തുന്നവൾ) എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. പണക്കൊഴുപ്പിനും പാരമ്പര്യ രാഷ്ട്രീയത്തിനും മുന്നിൽ സാധാരണക്കാരന്റെ ഇച്ഛാശക്തിക്ക് ലഭിച്ച വലിയ വിജയമായി താഹിറയുടെ ഈ നേട്ടം വിലയിരുത്തപ്പെടുന്നു.
ന്യൂനപക്ഷങ്ങളുടെ യഥാർത്ഥ സംരക്ഷകൻ വിജയ് ആണെന്ന് നേരത്തെ ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ താഹിറ ബാനു പറഞ്ഞിരുന്നു. ടി.വി.കെ നേതാവ് വിജയ് ബി.ജെ.പി.യുടെ കൈപ്പാവയാണെന്ന് തിരുമാളവൻ അടക്കമുള്ള ഡി.എം.കെ സഖ്യകക്ഷികളുടെ ആരോപണത്തിനാണ് താഹിറ ഇങ്ങിനെ മറുപടി പറഞ്ഞിരുന്നത്.
ടി.വി.കെ അനുഭവപരിചയമില്ലാത്ത കൊച്ചു കുട്ടികളുടെ പാർട്ടിയാണെന്ന വിമർശനങ്ങളെ താഹിറ പുച്ഛിച്ചു തള്ളുകയും ചെയ്തു. ഞങ്ങളെ അനുഭവമില്ലാത്തവർ എന്ന് വിളിക്കുന്നത് അവരുടെ തോന്നൽ മാത്രമാണ്. പതിറ്റാണ്ടുകളായി രാഷ്ട്രീയത്തിലുള്ളവർ നൽകിയ അഴിമതിയും കടക്കെണിയും മയക്കുമരുന്ന് വ്യാപനവും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളുമാണോ ‘അനുഭവം’ എങ്കിൽ അത്തരം അനുഭവം ഞങ്ങൾക്ക് വേണ്ട. വിജയ് തന്റെ 30 വർഷത്തെ അധ്വാനം കൊണ്ട് നേടിയെടുത്ത സൽപ്പേരും സമ്പത്തും രാഷ്ട്രീയത്തിലേക്ക് സമർപ്പിച്ചത് തന്റെ ധീരതയാണ്.
തമിഴ് രാഷ്ട്രീയത്തിൽ ന്യൂനപക്ഷങ്ങളെ വോട്ട് ബാങ്ക് മാത്രമായാണ് പലരും കണ്ടത്. എന്നാൽ വിജയ് അവരെ ഈ മണ്ണിന്റെ പുത്രന്മാരായാണ് കാണുന്നതെന്നും അവർക്ക് സുരക്ഷ ഉറപ്പാക്കുക എന്നത് മൗലികമായ അവകാശമാണെന്ന് വിജയ് വിശ്വസിക്കുന്നുവെന്നുമാണ് താഹിറ പറയുന്നത്.



