ജിദ്ദ- ആഗോള വിപണിയിലെ ആവശ്യാനുസരണം മൂന്നാഴ്ചയ്ക്കുള്ളിൽ തന്നെ തങ്ങളുടെ പരമാവധി ഉൽപ്പാദന ശേഷി കൈവരിക്കാൻ സൗദി അരാംകോയ്ക്ക് സാധിക്കുമെന്ന് കമ്പനി പ്രസിഡന്റും സി.ഇ.ഒയുമായ എൻജിനീയർ അമീൻ അൽനാസർ വ്യക്തമാക്കി. ലോകം ഇപ്പോൾ നേരിടുന്ന ഊർജ വിതരണ പ്രതിസന്ധി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആഘാതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇന്ന് വീണ്ടും തുറന്നാൽ പോലും വിപണിയിലെ സാഹചര്യം പഴയപടിയാകാൻ മാസങ്ങൾ എടുക്കുമെന്നും 2027-ഓടെ മാത്രമേ സ്ഥിതിഗതികൾ പൂർണ്ണമായും സാധാരണ നിലയിലാവുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
പ്രതിസന്ധികൾക്കിടയിലും തങ്ങളുടെ ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോകാനാണ് അരാംകോയുടെ തീരുമാനം. ഇതിനായി ആഗോള ശൃംഖലയും നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളും കമ്പനി പ്രയോജനപ്പെടുത്തും. ആഗോള ഊർജ സുരക്ഷയ്ക്കും ലോക സമ്പദ്‌വ്യവസ്ഥയ്ക്കും എണ്ണയും വാതകവും എത്രത്തോളം പ്രധാനമാണെന്നാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നതെന്നും അമീൻ അൽനാസർ കൂട്ടിച്ചേർത്തു. എത്ര വലിയ തടസ്സങ്ങളെയും മറികടക്കാൻ അരാംകോ സജ്ജമാണെന്ന ഉറപ്പാണ് അദ്ദേഹം നൽകിയത്.



