തെഹ്‌റാൻ- പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാനായി അമേരിക്ക മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങൾ ഇറാൻ തള്ളിയതോടെ മേഖലയിലെ സംഘർഷം കൂടുതൽ സങ്കീർണ്ണമാകുന്നു. പാകിസ്ഥാൻ വഴി ഇറാൻ സമർപ്പിച്ച മറുപടി നിർദ്ദേശങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പൂർണ്ണമായും നിരസിച്ചു. ഇറാന്റെ മറുപടി തനിക്ക് ഇഷ്ടപ്പെട്ടില്ലെന്നും അത് അംഗീകരിക്കാനാവില്ലെന്നും ട്രംപ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. ഇതോടെ മാസങ്ങളായി തുടരുന്ന ഹോർമുസ് കടലിടുക്കിലെ ഷിപ്പിംഗ് തടസ്സവും യുദ്ധവും അവസാനിക്കില്ലെന്ന ആശങ്ക ശക്തമായി. ഈ പുതിയ സംഭവവികാസങ്ങളെത്തുടർന്ന് രാജ്യാന്തര വിപണിയിൽ എണ്ണവില ബാരലിന് 3 ഡോളർ വരെ വർദ്ധിച്ചു.
യുദ്ധത്തിൽ തങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം വേണമെന്നും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്മേൽ ഇറാന്റെ പരമാധികാരം അംഗീകരിക്കണമെന്നുമാണ് ഇറാൻ പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ, തങ്ങൾക്കെതിരെയുള്ള നാവിക ഉപരോധം അവസാനിപ്പിക്കുക, എണ്ണ വിൽപ്പനയ്ക്കുള്ള തടസ്സങ്ങൾ നീക്കുക, ഇനിയൊരു ആക്രമണം ഉണ്ടാകില്ലെന്ന് ഉറപ്പുനൽകുക എന്നീ ആവശ്യങ്ങളും ഇറാൻ മുന്നോട്ടുവെച്ചു. എന്നാൽ ഇറാന്റെ ആണവ പദ്ധതികൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ച തുടങ്ങുന്നതിന് മുൻപ് യുദ്ധം അവസാനിപ്പിക്കണമെന്നായിരുന്നു അമേരിക്കയുടെ നിലപാട്. ട്രംപിന്റെ കർക്കശമായ നിലപാട് കാരണം ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ വിതരണം തടസ്സപ്പെടുന്നത് അമേരിക്കയിലും പെട്രോൾ വില വർദ്ധനവിന് കാരണമായിട്ടുണ്ട്.
അമേരിക്കൻ സൈനിക നടപടികൾക്ക് നാറ്റോ അംഗങ്ങളിൽ നിന്ന് കാര്യമായ പിന്തുണ ലഭിക്കാത്തത് ട്രംപിന് തിരിച്ചടിയായിട്ടുണ്ട്. സമാധാന കരാറില്ലാതെ ഹോർമുസ് കടലിടുക്ക് തുറക്കാൻ യുദ്ധക്കപ്പലുകൾ അയക്കാനുള്ള അമേരിക്കയുടെ നീക്കത്തോട് നാറ്റോ രാജ്യങ്ങൾ സഹകരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ, ബുധനാഴ്ച ചൈന സന്ദർശിക്കുന്ന ട്രംപ്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി ഈ വിഷയം ചർച്ച ചെയ്യും. ഇറാനെ ചർച്ചയ്ക്ക് പ്രേരിപ്പിക്കാൻ ചൈനയുടെ സ്വാധീനം ഉപയോഗിക്കാനാണ് അമേരിക്കയുടെ നീക്കം. ചർച്ചകൾ പരാജയപ്പെട്ടെങ്കിലും ശ്രമങ്ങൾ തുടരുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഇറാന്റെ ബാലിസ്റ്റിക് മിസൈൽ ശേഷിയും ആണവ കേന്ദ്രങ്ങളും തകർക്കാതെ യുദ്ധം അവസാനിക്കില്ലെന്ന നിലപാടിലാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. നയതന്ത്രത്തിലൂടെയോ ബലപ്രയോഗത്തിലൂടെയോ ഇറാന്റെ ആണവ പദ്ധതികൾ തടയുമെന്നും അദ്ദേഹം ആവർത്തിച്ചു. എന്നാൽ ശത്രുക്കൾക്ക് മുന്നിൽ തലകുനിക്കില്ലെന്നും ദേശീയ താല്പര്യങ്ങൾ സംരക്ഷിക്കുമെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ വ്യക്തമാക്കി. വെടിനിർത്തൽ പ്രഖ്യാപനമുണ്ടെങ്കിലും തെക്കൻ ലെബനോനിൽ ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. ഇറാന്റെ വിഷയത്തിൽ തീരുമാനമായാലും ലെബനോനിലെ പോരാട്ടം അവസാനിപ്പിക്കില്ലെന്നാണ് ഇസ്രായേലിന്റെ നിലപാട്.



