ചെന്നൈ- നാടകീയമായ രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ രാവിലെ 10 മണിയോടെയാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. ടിവികെ നേതാക്കളായ ആദവ് അർജുന, എൻ. ആനന്ദ് എന്നിവർക്ക് പുറമെ ശിവകാശിയിൽ നിന്ന് വിജയിച്ച മുപ്പതുകാരി എസ്. കീർത്തന ഉൾപ്പെടെയുള്ള ഒൻപത് മന്ത്രിമാരും അദ്ദേഹത്തോടൊപ്പം ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കളായ എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി എന്നിവരും ചടങ്ങിൽ നേരിട്ട് പങ്കെടുത്തു. രാഷ്ട്രീയ രംഗത്തെ പ്രമുഖർക്ക് പുറമെ നിരവധി സിനിമാതാരങ്ങളും ചെന്നൈയിൽ നടന്ന ഈ സത്യപ്രതിജ്ഞാ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു.
സർക്കാർ രൂപീകരിക്കാനുള്ള വിജയിയുടെ അവകാശവാദം നേരത്തെ ഗവർണർ അംഗീകരിച്ചിരുന്നു. ഗവർണറുമായി നടത്തിയ രണ്ട് മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ 120 എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രേഖകൾ അദ്ദേഹം കൈമാറിയിരുന്നു.
പ്രധാന ദ്രാവിഡ മുന്നണികളെ ശക്തമായി നേരിട്ട് 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയെങ്കിലും, കേവല ഭൂരിപക്ഷത്തിന് ആവശ്യമായ അംഗബലം ആദ്യഘട്ടത്തിൽ വിജയ്‌ക്ക് ലഭിച്ചിരുന്നില്ല. ഭൂരിപക്ഷം തെളിയിക്കാൻ വീണ്ടും കാത്തിരിക്കേണ്ടി വന്ന ഘട്ടത്തിൽ വിസികെയും (VCK) മുസ്ലിം ലീഗും പിന്തുണ പ്രഖ്യാപിച്ചതോടെയാണ് 120 സീറ്റുകളുടെ ഭൂരിപക്ഷത്തിൽ വിജയ്‌ക്ക് ഭരണമുറപ്പിക്കാൻ സാധിച്ചത്. ദ്രാവിഡ രാഷ്ട്രീയത്തിലെ പുതിയൊരു അധ്യായത്തിനാണ് ഇന്ന് ചെന്നൈയിൽ തുടക്കമായത്.



