അജ്മാൻ: അജ്മാനിൽനിന്ന് അവധിക്ക് നാട്ടിലേക്ക് പോയ പ്രവാസി മലയാളി വഴിമധ്യേ വാഹനാപകടത്തിൽ മരിച്ചു. അജ്മാനിലെ മുവൈഹാത്തിലെ സഫ റെസ്റ്റൊറൻറ് ഉടമയും കാസർഗോഡ് ചെറുവത്തൂർ കൈതക്കാട് സ്വദേശിയുമായ സഫ ഹാജിക്ക എന്ന പി.സി. അബ്ദുർറഹ്‌മാൻ ഹാജി (62) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് ഇദ്ദേഹം അജ്മാനിൽ നിന്നും യാത്ര പുറപ്പെട്ടത്.
കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം വീട്ടിലേക്ക് പോകും വഴി കണ്ണൂർ പരിയാരത്തിന് സമീപം ഇദ്ദേഹം സഞ്ചരിച്ച വാഹനം ഡിവൈഡറിൽ ഇടിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അജ്മാനിലെ കെ.എം.സി.സി, എസ്.കെ.എസ്.എസ്.എഫ് തുടങ്ങിയസംഘടനകളുമായി ബന്ധപ്പെട്ട് സജീവമായി പ്രവർത്തിച്ചിരുന്നു. ഭാര്യ ആയിഷ. മക്കൾ : അബ്ദു, ഫസൽ, റാഷിദ്, മറിയം, ഹസീന. അജ്മാൻ തൃക്കരിപ്പൂർ കെ.എം.സി.സി യുടെ ആഭിമുഖ്യത്തിൽമയ്യിത്ത് നമസ്‌കാരം സംഘടിപ്പിച്ചു.



