തിരുവനന്തപുരം: കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം പുതിയ തലത്തിലേക്ക്. കെ.സി. വേണുഗോപാലിനായി കെ. സുധാകരൻ കത്ത് നൽകിയതിന് പിന്നാലെ, കടുത്ത നിലപാടുമായി വി.ഡി. സതീശനും രംഗത്തെത്തി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചില്ലെങ്കിൽ മറ്റ് സ്ഥാനമാനങ്ങൾ ഏറ്റെടുക്കാനില്ലെന്ന സൂചനയാണ് സതീശൻ ഹൈക്കമാൻഡ് നിരീക്ഷകർക്ക് നൽകിയത്. നിരീക്ഷകരുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ തന്നെ അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയതായാണ് വിവരം.
ഭരണപരിചയം മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ മാനദണ്ഡമല്ലെന്ന് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സതീശൻ തുറന്നടിച്ചു. വി.എസ്. അച്യുതാനന്ദന്റെയും നരേന്ദ്ര മോദിയുടെയും ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വാദം. ഭരണപരിചയത്തേക്കാൾ ഉപരിയായി നേതാവിന് കൃത്യമായ കാഴ്ചപ്പാടും ഒരു ടീമിനെ കെട്ടിപ്പടുക്കാനുള്ള കഴിവുമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമോ എന്ന ചോദ്യത്തിന് ‘ചോദ്യം സാങ്കൽപ്പികം’ എന്ന് മറുപടി നൽകിയ സതീശൻ, തന്റെ അവകാശവാദത്തിൽ നിന്ന് പിന്നോട്ടില്ലെന്ന വ്യക്തമായ സൂചനയാണ് നൽകുന്നത്.
അതേസമയം, കെ.സി. വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കെ. സുധാകരൻ നിരീക്ഷകർക്ക് കത്ത് നൽകിയത് ഗ്രൂപ്പ് പോര് വർധിപ്പിച്ചിട്ടുണ്ട്. 47 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെടുന്ന കെ.സി ക്യാമ്പ്, ഭൂരിപക്ഷം തെളിയിച്ച് ഹൈക്കമാൻഡ് അംഗീകാരം നേടാനുള്ള തീവ്രശ്രമത്തിലാണ്. എന്നാൽ എംഎൽഎമാരുടെ എണ്ണം മാത്രം പരിഗണിക്കാതെ എല്ലാ ഘടകങ്ങളും പരിശോധിക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു. രമേശ് ചെന്നിത്തലയും 16 എംഎൽഎമാരുടെ പിന്തുണ അവകാശപ്പെട്ട് രംഗത്തുണ്ട്.



