ദുബായ് – ഹോര്‍മുസ് കടലിടുക്കില്‍ ദുബായിക്ക് സമീപം വെച്ച് ഫ്രഞ്ച് ചരക്ക് കപ്പലിനു നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ ഏതാനും ജീവനക്കാര്‍ക്ക് പരിക്കേറ്റു. സി.എം.എ സി.ജി.എം കമ്പനിക്കു കീഴിലെ സാന്‍ അന്റോണിയോ എന്ന ചരക്ക് കപ്പലിനു നേരെയാണ് ക്രൂയിസ് മിസൈല്‍ ആക്രമണമുണ്ടായത്. കപ്പലില്‍ ക്രൂയിസ് മിസൈല്‍ ഇടിച്ചതായി കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. കപ്പലില്‍ നിന്ന് ജീവനക്കാരെ ഒഴിപ്പിക്കുകയും പരിക്കേറ്റവരെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പരിക്കേറ്റ ജീവനക്കാരുടെ കൃത്യമായ എണ്ണം കമ്പനി വെളിപ്പെടുത്തിയിട്ടില്ല.