ന്യൂഡൽഹി– രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടിയ നടപടിയെ ന്യായീകരിച്ച് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി പ്രൾഹാദ് ജോഷി. അന്താരാഷ്ട്ര വിപണിയിലെ പ്രതിസന്ധികൾ കാരണം വില വർധനവ് ഒഴിവാക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്ക് ആവശ്യമായ പാചകവാതകത്തിന്റെ 50 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുന്നതിനാൽ ആഗോള വിപണിയിലെ മാറ്റങ്ങൾ രാജ്യത്തെയും ബാധിക്കും. എണ്ണക്കമ്പനികൾ വലിയ സാമ്പത്തിക നഷ്ടം നേരിടുന്നത് പരിഗണിച്ചാണ് ഈ തീരുമാനമെന്നും എന്നാൽ പെട്രോൾ, ഡീസൽ വില വർധനവ് ഇതുവരെ കേന്ദ്രം പിടിച്ചുനിർത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വാണിജ്യ സിലിണ്ടറിന്റെ വിലയിൽ ഇന്നലെ ഒറ്റയടിക്ക് 993 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ 19 കിലോ സിലിണ്ടറിന്റെ വില 3000 രൂപ കടന്നു. ഈ വൻ വർധനവ് ഹോട്ടൽ വിഭവങ്ങളുടെ വില ഉയരാൻ കാരണമാകുമെന്ന ആശങ്ക ശക്തമാണ്. ഇതിനിടെ, നിലവിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയാകുന്നതോടെ രാജ്യത്ത് പെട്രോൾ, ഡീസൽ, ഗാർഹിക സിലിണ്ടർ എന്നിവയുടെ വിലയും വർധിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഉന്നത സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാടുഡേ ആണ് ഇക്കാര്യം പുറത്തുവിട്ടത്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കാരണം രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവില ഉയർന്നതാണ് തിരിച്ചടിയാകുന്നത്.
പുതിയ റിപ്പോർട്ടുകൾ പ്രകാരം പെട്രോൾ, ഡീസൽ വില ലിറ്ററിന് നാല് മുതൽ അഞ്ച് രൂപ വരെ വർധിക്കാൻ സാധ്യതയുണ്ട്. ഗാർഹിക എൽപിജി സിലിണ്ടറിന് 40 മുതൽ 50 രൂപ വരെയും കൂടിയേക്കും. അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി ചെലവ് വലിയ തോതിൽ ഉയർന്നതിനാൽ വില കൂട്ടാൻ അനുവദിക്കണമെന്ന് പൊതുമേഖലാ എണ്ണക്കമ്പനികൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നയാര ഉൾപ്പെടെയുള്ള സ്വകാര്യ കമ്പനികൾ ഇതിനകം തന്നെ വില വർധിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ, ഒരു ആഴ്ചയ്ക്കുള്ളിൽ തന്നെ സാധാരണക്കാരെ ബാധിക്കുന്ന ഈ വിലക്കയറ്റം ഉണ്ടാകുമെന്നാണ് സൂചന.



