കൊച്ചി: രണ്ടാമത് എല്‍.കെ. ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ അഭിമാനകരമായ നേട്ടം കൈവരിച്ച് ജിദ്ദ പ്രവാസികളുടെ ഹ്രസ്വചിത്രമായ ‘കോലൈസ്’. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മേളയ്‌ക്കെത്തിയ 1200-ഓളം ഹ്രസ്വചിത്രങ്ങളോട് മത്സരിച്ച്, മികച്ച 30 ചിത്രങ്ങളുടെ പട്ടികയില്‍ ഇടംനേടിയാണ് ‘കോലൈസ്’ പുരസ്‌കാരത്തിന് അര്‍ഹമായത്. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ വെച്ച് പ്രശസ്ത എഴുത്തുകാരനും ചലച്ചിത്ര നിരൂപകനുമായ വി.കെ. ജോസഫില്‍ നിന്നും ചിത്രത്തിന്റെ കഥാകൃത്തും നിര്‍മ്മാതാവുമായ അബ്ദുള്ള മുക്കണ്ണി അവാര്‍ഡും സര്‍ട്ടിഫിക്കറ്റും ഏറ്റുവാങ്ങി.
കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന മേളയില്‍ ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമുള്ള നിരവധി ചലച്ചിത്ര പ്രവര്‍ത്തകരും നിരൂപകരും പങ്കെടുത്തു. ചലച്ചിത്ര പ്രദര്‍ശനങ്ങള്‍ക്കൊപ്പം സംവേദനാത്മക സെഷനുകളും മുഖ്യപ്രഭാഷണങ്ങളും മേളയ്ക്ക് മാറ്റുകൂട്ടി. സിംഗപ്പൂരില്‍ നിന്നുള്ള പ്രശസ്ത ചലച്ചിത്ര നിരൂപകന്‍ ഫിലിപ്പ് ചിയ മേള ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ രാജേഷ് പുത്തന്‍പുരയില്‍ ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ മുഖ്യാതിഥിയായെത്തിയ സമാപന ചടങ്ങോടെയാണ് മേളയ്ക്ക് തിരശ്ശീല വീണത്.
മലയാള സിനിമയുടെ ഗൃഹാതുരമായ ഭാവങ്ങളെയും ഗ്രാമീണ നന്മകളെയും ആഴത്തില്‍ ആവിഷ്‌കരിച്ച ചിത്രമാണ് ‘കോലൈസ്’. അബ്ദുള്ള മുക്കണ്ണിയുടെ ചെറുകഥയെ ആസ്പദമാക്കി അലി അരിക്കത്താണ് ചിത്രം സംവിധാനം ചെയ്തത്. അമ്മമാരുടെയും മക്കളുടെയും പവിത്രമായ ആത്മബന്ധവും ഗ്രാമീണ ഓര്‍മ്മകളും ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ച ചിത്രം മുക്കണ്ണി ക്രിയേഷന്‍സിന്റെ ബാനറിലാണ് നിര്‍മ്മിച്ചത്. ഫെബിന്‍ ആറ്റുപുറമാണ് ചിത്രത്തിന്റെ മനോഹരമായ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്.
പ്രശസ്ത ഗായിക സോഫിയ സുനില്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ ജെ.കെ. സുബൈര്‍, റിഷാന്‍ റിയാസ്, ബീഗം ഖദീജ, ഷാജി, അയ്യൂബ് മാസ്റ്റര്‍, നാസര്‍ ശാന്തപുരം, മൈമൂന, സിമി സുകുമാരന്‍, ശംസു, അലി തുവ്വൂര്‍, നിസാര്‍ കരുനാഗപ്പള്ളി, സിയ ഷാജു തുടങ്ങിയവരും ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു.



