തിരുവനന്തപുരം- സംസ്ഥാനത്ത് ഇന്നലെ മുതൽ ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണം (ലോഡ് ഷെഡ്ഡിങ്) അധികകാലം തുടരേണ്ടി വരില്ലെന്ന് കെഎസ്ഇബി അറിയിച്ചു. നിലവിൽ 200 മെഗാവാട്ടിന്റെ കുറവ് മാത്രമാണുള്ളത്. കൂടംകുളം ആണവോർജ നിലയത്തിൽ നിന്നുള്ള വൈദ്യുതി വിതരണം പുനരാരംഭിച്ചത് വലിയ ആശ്വാസമാണ്. ഇവിടെനിന്ന് 200 മെഗാവാട്ട് വൈദ്യുതി ലഭിച്ചുതുടങ്ങിയിട്ടുണ്ട്. കൂടാതെ നേരത്തെയുള്ള കരാർ പ്രകാരം പവർ എക്സ്ചേഞ്ച് വഴി 150 മെഗാവാട്ട് വൈദ്യുതിയും ഇപ്പോൾ ലഭ്യമാകുന്നുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പെയ്ത വേനൽ മഴ വൈദ്യുതി ഉപഭോഗം കുറയാൻ സഹായിക്കുമെന്നാണ് കെഎസ്ഇബിയുടെ കണക്കുകൂട്ടൽ. മെയ് ആദ്യവാരം ഉഷ്ണതരംഗമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടെങ്കിലും, പവർ എക്സ്ചേഞ്ച് വഴി അപേക്ഷിച്ച അധികമായ 250 മെഗാവാട്ട് കൂടി ലഭ്യമാകുന്നതോടെ പ്രതിസന്ധി പൂർണ്ണമായും പരിഹരിക്കപ്പെടുമെന്നും അധികൃതർ വ്യക്തമാക്കുന്നു. വൈകിട്ട് ആറ് മണി മുതൽ അർദ്ധരാത്രി 12 മണി വരെയുള്ള സമയത്ത് അര മണിക്കൂർ വരെയാണ് നിലവിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
അതേസമയം, പ്രകൃതിയുടെ മാറ്റങ്ങൾ മൂലമാണ് ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തേണ്ടി വന്നതെന്നാണ് വൈദ്യുതി മന്ത്രിയുടെ വിശദീകരണം. കഴിഞ്ഞ പത്തു വർഷമായി വൈദ്യുതി മേഖലയിൽ ഉന്നയിച്ചിരുന്ന അവകാശവാദങ്ങൾക്കിടയിലാണ് ഈ അപ്രതീക്ഷിത നിയന്ത്രണം വന്നത്. വിതരണ ശൃംഖലയുടെ തകരാറുകൾ ഒഴിവാക്കാനും ആഘാതം കുറയ്ക്കാനും വൈദ്യുതി നിയന്ത്രണം അനിവാര്യമാണെന്നാണ് കെഎസ്ഇബി നൽകുന്ന വിശദീകരണം.



