ദുബൈ- വസന്തകാല ചൂടിൽ നിന്ന് വേനൽക്കാലത്തിന്റെ ഉച്ചസ്ഥായിയിലേക്കുള്ള മാറ്റത്തിന്റെ അടയാളമായി നാളെ (ബുധനാഴ്ച) കാനത്ത് അൽ തുറയ്യ സീസൺ ആരംഭിക്കുന്നതോടെ യുഎഇ താപനിലയിൽ വലിയ വർധനവുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. ഏപ്രിൽ 29 ബുധനാഴ്ച മുതൽ ‘കാനത്ത് അൽ തുറയ്യ’ എന്നറിയപ്പെടുന്ന കാലാവസ്ഥാ സീസൺ ആരംഭിക്കുന്നത്.
അറബ് ജ്യോതിശാസ്ത്രമനുസരിച്ച് ആകാശത്തെ ‘അൽ തുറയ്യ’ നക്ഷത്രം രാത്രി ആകാശത്ത് നിന്ന് മറയുന്ന ഒരു സമയമാണിത്. ഏപ്രിൽ 29 മുതൽ ജൂൺ 7 വരെയാണ് ഈ സീസൺ നീണ്ടുനിൽക്കുക. എമിറേറ്റ്സ് ജ്യോതിശാസ്ത്ര അസോസിയേഷൻ ചെയർമാൻ പുറത്ത് വിട്ട വിവരമനുസരിച്ച് വസന്തകാലം കഴിഞ്ഞ് കടുത്ത വേനൽക്കാലത്തിലേക്ക് കടക്കുന്നതിന് മുൻപുള്ള ഒരു മാറ്റത്തിന്റെ സമയം കൂടിയാണ്. ജൂൺ 7 ഓടെ ഈ നക്ഷത്രസമൂഹം വീണ്ടും പ്രത്യക്ഷപ്പെടുന്നതോടെ യുഎഇയിൽ ഔദ്യോഗികമായി വേനൽക്കാലം ആരംഭിക്കുമെന്നും അറിയിച്ചു. അതിനാൽ വരും ദിവസങ്ങളിൽ പകൽ സമയങ്ങളിൽ താപനില ക്രമാതീതമായി ഉയരും. മിക്ക ദിവസങ്ങളിലും താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനില ഉയരാൻ സാധ്യതയുണ്ട്.
കൂടാതെ അന്തരീക്ഷത്തിലെ ഈർപ്പം കുറയുകയും വരണ്ട കാറ്റ് വീശുകയും ചെയ്യും. ഇത് ആളുകളിൽ ചർമ്മത്തിലും ശ്വസനത്തിലും ചില അസ്വസ്ഥതകൾ ഉണ്ടാക്കിയേക്കാം. വെള്ളം വറ്റുകയും അന്തരീക്ഷം വരണ്ടതാവുകയും ചെയ്യുന്നതോടെ ചെടികളും പുല്ലുകളും ഉണങ്ങാൻ തുടങ്ങും. ഇത് വേനൽക്കാലം എത്തിയെന്നതിന്റെ കൃത്യമായ സൂചനയായാണ് കാണുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ യുഎഇയുടെ ചില ഭാഗങ്ങളിൽ ലഭിച്ച മഴ ചൂടിന് ചെറിയൊരു ആശ്വാസം നൽകിയിരുന്നെങ്കിലും, പുതിയ സീസൺ ആരംഭിക്കുന്നതോടെ ഇനി ചൂട് കടുക്കാനാണ് സാധ്യത. ജൂൺ 7 മുതൽ സൂര്യൻ നേരെ മുകളിൽ വരികയും ചൂട് കടുക്കുകയും ചെയ്യും. ചൂട് കാലാവസ്ഥയിലേക്ക് മാറിയതോടെ പ്രവാസികൾക്ക് ആരോഗ്യ മന്ത്രാലയം ചില മുന്നറിയിപ്പുകളും മുൻകരുതലുകളും നൽകിയിരുന്നു. ദാഹം തോന്നിയില്ലെങ്കിൽ പോലും ഇടയ്ക്കിടെ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. ചൂട് കാരണം പെട്ടെന്ന് നിർജ്ജലീകാരണം സംഭവിക്കാൻ സാധ്യതയുണ്ട്. അതിനാൽ വരാനിരിക്കുന്ന കഠിനമായ വേനൽക്കാലത്തിൽ അധികൃതർ നൽകുന്ന നിർദേശങ്ങൾ എല്ലാവരും പാലിക്കണം.



