തിരുവനന്തപുരം– കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 80-ലധികം സീറ്റുകൾ നേടി വിജയിക്കുമെന്ന് കോൺഗ്രസ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലു. ഹൈക്കമാൻഡിന് സമർപ്പിച്ച ആഭ്യന്തര വിലയിരുത്തൽ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എൽ.ഡി.എഫ് സർക്കാരിനെതിരെയുള്ള പൊതുവായ ഭരണവിരുദ്ധ വികാരവും മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള പ്രത്യേക വികാരവും യു.ഡി.എഫിന് അനുകൂലമാകുമെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. മലപ്പുറം, കോഴിക്കോട്, എറണാകുളം, ഇടുക്കി, പത്തനംതിട്ട എന്നീ അഞ്ച് ജില്ലകളിൽ യു.ഡി.എഫ് പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
എന്നാൽ തൃശൂർ, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകളിലെ വിജയസാധ്യതയെക്കുറിച്ച് റിപ്പോർട്ട് ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ഈ ജില്ലകളിൽ മികച്ച വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ ഫലത്തെക്കുറിച്ച് ചില സംശയങ്ങളുണ്ടെന്ന് ഒരു മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു.
മലബാർ, മധ്യകേരള മേഖലകളിൽ ക്രിസ്ത്യൻ, മുസ്ലീം ന്യൂനപക്ഷ വോട്ടുകൾ യു.ഡി.എഫിന് അനുകൂലമായി ഏകീകരിക്കപ്പെട്ടതായി വിലയിരുത്തപ്പെടുന്നു. അതേസമയം, എൽ.ഡി.എഫ് പ്രതീക്ഷിച്ചിരുന്ന ഹിന്ദു വോട്ടുകളുടെ ഏകീകരണം കാര്യമായി പ്രതിഫലിച്ചില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നിലവിലെ എം.എൽ.എമാരുടെ പ്രകടനത്തിൽ എൽ.ഡി.എഫ് പ്രതീക്ഷ വെച്ചിരുന്നെങ്കിലും, സർക്കാരിനും സി.പി.എമ്മിനുമെതിരെയുള്ള ശക്തമായ ജനവികാരം ആ നേട്ടങ്ങളെ മറികടന്നതായാണ് വിലയിരുത്തൽ.



