വാഷിംഗ്ടൺ- ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജി ഇസ്ലാമാബാദ് സന്ദർശനം പൂർത്തിയാക്കി മടങ്ങിയതിന് പിന്നാലെ, അമേരിക്കൻ പ്രതിനിധി സംഘത്തിന്റെ പാകിസ്താൻ യാത്ര റദ്ദാക്കിയതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. സ്റ്റീവ് വിറ്റ്‌കോഫ്, ജാരെഡ് കുഷ്നർ എന്നിവരടങ്ങുന്ന സംഘത്തോടാണ് യാത്ര വേണ്ടെന്നുവെക്കാൻ ട്രംപ് ശനിയാഴ്ച നിർദ്ദേശിച്ചത്. അർത്ഥശൂന്യമായ കാര്യങ്ങൾ സംസാരിക്കാനായി 18 മണിക്കൂർ യാത്ര ചെയ്യേണ്ടതില്ലെന്ന് താൻ ഇരുവരോടും പറഞ്ഞതായും ട്രംപ് വ്യക്തമാക്കി. ഇറാന്റെ നിലപാടുകളിൽ മാറ്റമില്ലാത്തതാണ് സന്ദർശനം റദ്ദാക്കാൻ പ്രേരിപ്പിച്ചതെങ്കിലും, ഈ തീരുമാനം യുദ്ധം പുനരാരംഭിക്കലല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ അധികൃതർക്ക് എപ്പോൾ വേണമെങ്കിലും അമേരിക്കയുമായി ബന്ധപ്പെടാമെന്നും പാകിസ്താനിൽ നേരിട്ട് പോയി നടത്തുന്ന അതേ കാര്യക്ഷമതയോടെ ഫോണിലൂടെയും ചർച്ചകൾ നടത്താമെന്നും ട്രംപ് പറഞ്ഞു. ഇറാനുമായുള്ള തർക്കങ്ങളിൽ എല്ലാ വിജയസാധ്യതകളും അമേരിക്കയുടെ കൈവശമാണെന്നും ഇറാന്റെ പക്കൽ നിലവിൽ മറ്റ് മാർഗങ്ങളൊന്നുമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ട്രംപിന്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫും മരുമകൻ ജാരെഡ് കുഷ്നറും ഇന്ന് രാത്രിയോടെ ഇസ്ലാമാബാദിലെത്തി പാക് നേതാക്കളുമായി ചർച്ച നടത്താനിരിക്കെയാണ് അപ്രതീക്ഷിതമായി യാത്ര റദ്ദാക്കിയുള്ള ട്രംപിന്റെ പ്രസ്താവന പുറത്തുവന്നത്.



