ന്യൂദൽഹി: ഇന്ത്യൻ രാഷ്ട്രീയം ഏറെ ഞെട്ടലോടെയാണ് ആം ആദ്മിയിൽനിന്നുള്ള ഏഴ് രാജ്യസഭ എം.പിമാർ ബി.ജെ.പിയിലേക്ക് ചേർന്ന വിവരം കേട്ടത്. രാഘവ് ചദ്ദയുടെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടിയിൽ (എ.എ.പി) നിന്നുള്ള ഏഴ് രാജ്യസഭാ എം.പിമാർ പാർട്ടി ബന്ധം വേർപെടുത്തുകയും തങ്ങളുടെ വിഭാഗത്തെ ഭാരതീയ ജനതാ പാർട്ടിയിൽ (ബി.ജെ.പി) ലയിപ്പിക്കുകയും ചെയ്തത്. ഈ നീക്കം പാർലമെന്റിലെ എ.എ.പിയുടെ സാന്നിധ്യത്തിന് വലിയ തിരിച്ചടിയായി. അതേസമയം തന്നെ, 2027-ലെ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിനെ ഇത് പ്രതികൂലമായി ബാധിക്കുകയും ചെയ്യും. പാർട്ടി മാറിയ ഏഴ് എം.പിമാരിൽ ആറ് പേർ പഞ്ചാബിൽ നിന്നുള്ളവരും ഒരാൾ ഡൽഹിയിൽ നിന്നുള്ളയാളുമാണ്. ഈ കൊഴിഞ്ഞുപോക്ക് പെട്ടെന്നുണ്ടായതോ ഒറ്റപ്പെട്ടതോ അല്ലെന്നും ആഴ്ചകൾ നീണ്ട ആഭ്യന്തര തർക്കങ്ങളുടെ തുടർച്ചയാണെന്നുമാണ് സൂചന.
പ്രേരണ
രാജ്യസഭയിലെ പാർട്ടിയുടെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് രാഘവ് ചദ്ദയെ എ.എ.പി നേതൃത്വം നീക്കിയ ഏപ്രിൽ 5-നാണ് സംഭവങ്ങളുടെ തുടക്കം. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള പാർട്ടി നേതൃത്വവും ചദ്ദയും തമ്മിലുള്ള ഔദ്യോഗികമായ അകൽച്ചയ്ക്ക് ഈ തീരുമാനം കാരണമായി. സ്ഥാനത്തുനിന്ന് നീക്കിയതിന് പിന്നാലെ സഹപ്രവർത്തകരായ എം.പിമാരുമായി ചദ്ദ ബന്ധപ്പെടാൻ തുടങ്ങിയതായും അതൃപ്തിയുടെ അളവ് പരിശോധിച്ചതായും സൂചനയുണ്ട്.
മൂന്നിൽ രണ്ട് ഭൂരിപക്ഷം
നിലവിൽ രാജ്യസഭയിൽ എ.എ.പിക്ക് 10 എം.പിമാരാണുള്ളത്. ഏഴ് അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കിയതിലൂടെ (മൂന്നിൽ രണ്ട് ഭാഗത്തിലധികം), കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള അയോഗ്യതയിൽ നിന്ന് ചദ്ദയുടെ വിഭാഗം രക്ഷപ്പെട്ടു. ബി.ജെ.പിയിൽ ഔദ്യോഗികമായി ലയിക്കാൻ ഈ നിയമപരിരക്ഷ അവർക്ക് നിർണ്ണായകമായി. “എ.എ.പിയുടെ രാജ്യസഭാ എം.പിമാരിൽ മൂന്നിൽ രണ്ട് ഭാഗത്തിലധികം പേരും ഈ നീക്കത്തിൽ ഞങ്ങളോടൊപ്പമുണ്ട്,” എന്ന് ചദ്ദ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആവശ്യമായ രേഖകൾ രാജ്യസഭാ ചെയർമാന് സമർപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.
വിഘടിച്ചുപോയവർ
ചദ്ദയ്ക്കൊപ്പം ചേർന്ന ഏഴ് എം.പിമാർ എ.എ.പിയുടെ വിവിധ തലങ്ങളിൽ നിന്നുള്ളവരാണ്. ഒരു ഗ്രൂപ്പിൽ രാഘവ് ചദ്ദ, സന്ദീപ് പഥക്, സ്വാതി മലിവാൾ എന്നിവർ ഉൾപ്പെടുന്നു. രണ്ടാമത്തെ ഗ്രൂപ്പിൽ അശോക് മിത്തൽ, വിക്രംജീത് സാഹ്നി, രാജേന്ദ്ര ഗുപ്ത തുടങ്ങിയ ബിസിനസ്-പ്രൊഫഷണൽ പശ്ചാത്തലമുള്ളവരാണ്. ഏഴാമത്തെ അംഗമായ മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗിന്റെ പാർട്ടി കാര്യങ്ങളിലുള്ള ഇടപെടൽ പരിമിതമായിരുന്നു.
അസംതൃപ്തിയും അവസരവും
സന്ദീപ് പഥക് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം തഴയപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. സ്വാതി മലിവാൾ കഴിഞ്ഞ മാസങ്ങളിൽ തന്നെ നേതൃത്വവുമായി പരസ്യമായി ഇടഞ്ഞുനിൽക്കുകയായിരുന്നു. ബിസിനസ് ബന്ധമുള്ള എം.പിമാർക്ക് മേൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണങ്ങളും സമ്മർദ്ദമുണ്ടായിരുന്നു. ഏപ്രിലിൽ ചദ്ദയെ സ്ഥാനത്തുനിന്ന് നീക്കിയതോടെ നേരത്തെ നിശ്ചയിച്ചിരുന്ന പ്ലാനുകൾ വേഗത്തിലാക്കുകയായിരുന്നു.
പരസ്യമായ വേർപിരിയൽ
വെള്ളിയാഴ്ചയാണ് ഈ വേർപിരിയൽ പരസ്യമായത്. “ഞാൻ 15 വർഷം ചോരയും നീരും നൽകി വളർത്തിയ പാർട്ടി അതിന്റെ മൂല്യങ്ങളിൽ നിന്ന് പൂർണ്ണമായും വ്യതിചലിച്ചു” എന്ന് ചദ്ദ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. താൻ തെറ്റായ പാർട്ടിയിലെ ശരിയായ വ്യക്തിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാണാത്ത നാലുപേർ
വാർത്താ സമ്മേളനത്തിൽ മൂന്ന് എം.പിമാർ മാത്രമാണ് പങ്കെടുത്തത്. സ്വാതി മലിവാൾ വടക്കുകിഴക്കൻ സംസ്ഥാന പര്യടനത്തിലും ഹർഭജൻ സിംഗ് ഐ.പി.എൽ തിരക്കുകളിലുമാണ്. രാജേന്ദ്ര ഗുപ്ത ചികിത്സയ്ക്കായി വിദേശത്തും വിക്രംജീത് സാഹ്നി ആരോഗ്യപ്രശ്നങ്ങളാലുമാണ് പങ്കെടുക്കാതിരുന്നത്. ബി.ജെ.പി അധ്യക്ഷൻ നിതിൻ നബിൻ ഇവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. രാജ്യസഭാ ചെയർമാൻ രേഖകൾ അംഗീകരിക്കുന്നതോടെ ഇവർ ഔദ്യോഗികമായി ബി.ജെ.പിയുടെ ഭാഗമാകും.



