ബെയ്‌റൂത്ത്– ലെബനോനിൽ ഹിസ്ബുല്ലയും ഇസ്രായിലും തമ്മിലുള്ള ആറ് ആഴ്ച നീണ്ട യുദ്ധത്തിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായതായി അധികൃതർ വെളിപ്പെടുത്തി. ഏകദേശം 46 ദിവസത്തെ യുദ്ധത്തിനിടെ 17,756 വീടുകൾ പൂർണ്ണമായും തകരുകയും 32,668 വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി നാഷണൽ കൗൺസിൽ ഫോർ സയന്റിഫിക് റിസർച്ച് സെക്രട്ടറി ജനറൽ ഡോ. ശാദി അബ്ദുല്ല അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ച മുതൽ പത്തു ദിവസത്തെ വെടിനിർത്തൽ നിലവിൽ വന്നെങ്കിലും, തെക്കൻ ലെബനോനിൽ ഇസ്രായിൽ സൈന്യം ബോംബാക്രമണവും പൊളിക്കൽ നടപടികളും തുടരുകയാണെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. അതിർത്തി ഗ്രാമങ്ങളിലെ താമസക്കാരെ അവരുടെ വീടുകളിലേക്ക് മടങ്ങാൻ സൈന്യം അനുവദിക്കുന്നില്ലെന്നും പരാതിയുണ്ട്.
മാർച്ച് രണ്ടിന് ആരംഭിച്ച ഈ യുദ്ധത്തിൽ ഇതുവരെ 2,400-ലധികം ആളുകൾ കൊല്ലപ്പെടുകയും പത്തു ലക്ഷത്തിലേറെ പേർക്ക് വീടുപേക്ഷിച്ചു പോകേണ്ടി വരികയും ചെയ്തു. വെടിനിർത്തൽ പ്രഖ്യാപിച്ച ശേഷമുള്ള മൂന്ന് ദിവസത്തിനുള്ളിൽ പോലും 428 വീടുകൾ തകർക്കപ്പെട്ടതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം, പ്രശ്നപരിഹാരത്തിനായി ദശകങ്ങൾക്ക് ശേഷം ഇസ്രായിൽ-ലെബനീസ് അംബാസഡർമാർ വാഷിംഗ്ടണിൽ ചർച്ച നടത്തി. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടപെട്ടാണ് പത്തു ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചത്. വെടിനിർത്തൽ കാലാവധി ഒരു മാസത്തേക്ക് നീട്ടണമെന്നും നശീകരണ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്നും ലെബനോൻ ഇന്ന് നടക്കുന്ന അംബാസഡർമാരുടെ കൂടിക്കാഴ്ചയിൽ ആവശ്യപ്പെടും.
2023 മുതൽ 2025 വരെയുള്ള കാലയളവിൽ ഇസ്രായിൽ നടത്തിയ ബോംബാക്രമണം ലെബനോന്റെ എല്ലാ മേഖലകളെയും തകർത്തതായി പരിസ്ഥിതി മന്ത്രി തമാറ അൽസെയ്ൻ പറഞ്ഞു. ജനവാസ മേഖലകൾ, ആരാധനാലയങ്ങൾ, ചരിത്ര സ്മാരകങ്ങൾ, കൃഷിഭൂമികൾ എന്നിവയെയെല്ലാം ആക്രമണം ബാധിച്ചു. ആകെ 2,20,000-ലധികം ഭവന യൂണിറ്റുകൾക്ക് ഇക്കാലയളവിൽ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. പരിസ്ഥിതിക്കും ജലസ്രോതസ്സുകൾക്കും വലിയ ആഘാതമാണ് യുദ്ധം സൃഷ്ടിച്ചിരിക്കുന്നത്. 2024 നവംബറിൽ ഒരു വെടിനിർത്തൽ ഉണ്ടായിരുന്നെങ്കിലും ഇസ്രായിൽ വ്യോമാക്രമണങ്ങൾ തുടരുകയും തന്ത്രപ്രധാന കുന്നുകളിൽ സൈന്യത്തെ നിലനിർത്തുകയും ചെയ്തിരുന്നു.


യുദ്ധത്തിനിടെ മാധ്യമപ്രവർത്തക അമൽ ഖലീൽ ഉൾപ്പെടെ അഞ്ച് പേർ കൂടി കൊല്ലപ്പെട്ടു. തെക്കൻ ലെബനോനിലെ അൽതൈരി ഗ്രാമത്തിലുള്ള വീടിന് നേരെ ഇസ്രായിൽ നടത്തിയ വ്യോമാക്രമണത്തിലാണ് ‘അൽഅഖ്ബാർ’ പത്രത്തിന്റെ ലേഖികയായ അമൽ ഖലീൽ കൊല്ലപ്പെട്ടത്. ഇവരുടെ കാറിന് നേരെ ആദ്യം ആക്രമണം ഉണ്ടായതായും പിന്നീട് അഭയം പ്രാപിച്ച വീട് ബോംബിട്ട് തകർക്കുകയായിരുന്നുവെന്നും പത്രം റിപ്പോർട്ട് ചെയ്തു. രക്ഷാപ്രവർത്തനം നടത്താൻ എത്തിയവരെ മുന്നറിയിപ്പ് ബോംബുകൾ എറിഞ്ഞും ആംബുലൻസ് ആക്രമിച്ചും ഇസ്രായിൽ സൈന്യം തടഞ്ഞതായും ആരോപണമുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ മറ്റൊരു മാധ്യമപ്രവർത്തക സൈനബ് ഫറജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെക്കാ താഴ്വരയിലെ യഹ്‌മർ ഗ്രാമത്തിലും നടന്ന ആക്രമണത്തിൽ രണ്ട് പേർ കൂടി കൊല്ലപ്പെട്ടിട്ടുണ്ട്.



