മക്ക: അസുഖ ബാധിതനായി ചികിത്സയിലിരിക്കെ അന്തരിച്ച തളിപ്പറമ്പ് തുവ്വേക്കാട് സ്വദേശി കെ.ബി. മുഹമ്മദ് എന്ന മമ്മുക്കയുടെ (60) ജനാസ മക്കയിൽ ഖബറടക്കി. മകന്റെ വിവാഹശേഷം അടുത്തിടെയാണ് ഇദ്ദേഹം നാട്ടിൽ നിന്നും സൗദിയിൽ തിരിച്ചെത്തിയത്.
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആദ്യം ത്വാഇഫിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ലുക്കീമിയ സ്ഥിരീകരിച്ചതോടെ വിദഗ്ധ ചികിത്സയ്ക്കായി മക്ക കിങ് അബ്ദുള്ള മെഡിക്കൽ സിറ്റിയിലേക്ക് മാറ്റിയെങ്കിലും അവിടെ വെച്ച് മരണം സംഭവിക്കുകയായിരുന്നു. ത്വാഇഫിൽ ഐസിഎഫ് ഷറഫിയ യൂണിറ്റ് പ്രസിഡന്റായി സാമൂഹിക രംഗത്ത് സജീവമായിരുന്നു ഇദ്ദേഹം.


ബൈത്താൻ അബ്ദുള്ളയുടെയും ആമിനയുടെയും മകനാണ്. ഭാര്യ: ബീപാത്തു. മക്കൾ: നദീർ, ജുബൈർ, ഹാഷിർ, ആദിൽ, ജുബൈരിയ. മരുമകൻ: നുഅ്മാൻ. സഹോദരങ്ങൾ: അബൂബക്കർ, ഹംസ, ഇബ്രാഹിം, ആയിഷ, സൗറ, ഫാത്തിമ.
മക്ക ഐസിഎഫ് വെൽഫെയർ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിലാണ് ഖബറടക്ക ചടങ്ങുകൾ നടന്നത്. സ്പോൺസർ അബു സുലൈമാൻ, ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധി പേർ ചടങ്ങുകളിൽ പങ്കെടുത്തു.



