തൃശൂർ– കേരളത്തിലെ അറബിക് റെസ്റ്റോറന്റുകളുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും അവയ്ക്ക് രാജ്യവിരുദ്ധ ബന്ധമുണ്ടോ എന്നതിനെക്കുറിച്ചും ദേശീയ അന്വേഷണ ഏജൻസി (NIA) അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബിജെപി. ബിജെപി തൃശൂർ ജില്ലാ ഇന്റലക്ച്വൽ സെൽ കൺവീനർ പ്രസീദ് ദാസാണ് ഇതുസംബന്ധിച്ച് എൻഐഎ ഡയറക്ടർക്ക് പരാതി നൽകിയത്. നോട്ട് നിരോധനത്തിന് ശേഷം സംസ്ഥാനത്ത് തുടങ്ങിയ ഇത്തരം ഹോട്ടലുകളെക്കുറിച്ച് പ്രത്യേകമായി അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു.
ചുരുങ്ങിയ കാലയളവിനുള്ളിൽ വലിയ തുക നിക്ഷേപം നടത്തിക്കൊണ്ട് സംസ്ഥാനത്തുടനീളം ഇത്രയധികം സ്ഥാപനങ്ങൾ ആരംഭിച്ചത് സംശയാസ്പദമാണെന്നാണ് ബിജെപിയുടെ ആരോപണം. ഇതിൽ വിദേശ ഫണ്ടുകളുടെ പങ്കുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്. കൂടാതെ, കേന്ദ്ര സർക്കാർ നിരോധിച്ച പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (PFI) എന്ന സംഘടനയുമായി ഈ റെസ്റ്റോറന്റുകൾക്ക് എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്ന് കണ്ടെത്തണമെന്നും പരാതിയിൽ പ്രധാനമായും ആവശ്യപ്പെടുന്നുണ്ട്.
ഈ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് ഇന്റലക്ച്വൽ സെൽ ആവശ്യപ്പെട്ടു. കഴിഞ്ഞ വിഷു ആഘോഷങ്ങൾക്കിടെ ചില റെസ്റ്റോറന്റുകൾ ശ്രീകൃഷ്ണനെ അവഹേളിക്കുന്ന തരത്തിലുള്ള സാംസ്കാരിക വിരുദ്ധമായ ഇടപെടലുകൾ നടത്തിയതായും ബിജെപി ആരോപിക്കുന്നു. ഈ സ്ഥാപനങ്ങളുടെ സാമ്പത്തിക ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കാൻ സമഗ്രമായ അന്വേഷണം അനിവാര്യമാണെന്നാണ് ബിജെപിയുടെ നിലപാട്.



