വാഷിംഗ്ടൺ– ഇറാനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ചർച്ചകളിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെങ്കിലും, ഇറാനുമായി ഒരു പുതിയ കരാറിലെത്താൻ മുൻപെങ്ങുമില്ലാത്തവിധം സാധ്യത തെളിഞ്ഞതായി വൈറ്റ് ഹൗസ്. ബരാക് ഒബാമയുടെ കാലത്ത് ഒപ്പുവെച്ച വിനാശകരമായ കരാറിൽ നിന്ന് വ്യത്യസ്തമായി, അമേരിക്കയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന മികച്ചൊരു കരാറിലേക്കാണ് രാജ്യം അടുക്കുന്നതെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലീവിറ്റ് വ്യക്തമാക്കി.
2015-ൽ ഒപ്പുവെക്കുകയും പിന്നീട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിൻവലിക്കുകയും ചെയ്ത ആണവ കരാറിനെ പരാമർശിച്ചുകൊണ്ടായിരുന്നു ലീവിറ്റിന്റെ പ്രതികരണം. മുൻപുണ്ടായിരുന്ന കരാറിലെ പോരായ്മകൾ പരിഹരിച്ചുകൊണ്ടുള്ള ശക്തമായ നിലപാടുകളാകും പുതിയ കരാറിലുണ്ടാവുകയെന്നും അവർ സൂചിപ്പിച്ചു. കരാറിലെത്താൻ സാധിച്ചില്ലെങ്കിൽ പ്രസിഡന്റ് ട്രംപിന് മുന്നിൽ മറ്റ് നിരവധി മാർഗങ്ങളുണ്ടെന്ന് വൈറ്റ് ഹൗസ് മുന്നറിയിപ്പ് നൽകി. ചർച്ചകൾ പരാജയപ്പെട്ടാൽ കർശനമായ നടപടികളിലേക്ക് നീങ്ങാൻ ട്രംപ് മടിക്കില്ലെന്നും വക്താവ് കൂട്ടിച്ചേർത്തു.



