ന്യൂയോര്‍ക്ക് – ഗാസ മുനമ്പിലെ വീണ്ടെടുക്കല്‍, പുനര്‍നിര്‍മ്മാണ ആവശ്യങ്ങള്‍ക്ക് ഏകദേശം 7,140 കോടി ഡോളര്‍ വേണ്ടിവരുമെന്ന് ഐക്യരാഷ്ട്രസഭയും യൂറോപ്യന്‍ യൂണിയനും ലോകബാങ്കുമായി സഹകരിച്ച് നടത്തിയ സംയുക്ത വിലയിരുത്തല്‍ കണക്കാക്കുന്നു. അവശ്യ സേവനങ്ങള്‍ പുനഃസ്ഥാപിക്കാനും സുപ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ നന്നാക്കാനും സാമ്പത്തിക വീണ്ടെടുക്കല്‍ ഉത്തേജിപ്പിക്കാനും ആദ്യ 18 മാസത്തിനുള്ളില്‍ 2,630 കോടി ഡോളര്‍ അടിയന്തിരമായി ആവശ്യമാണ്. അടിസ്ഥാന സൗകര്യങ്ങള്‍ക്കുണ്ടായ ഭൗതിക നാശനഷ്ടം ഏകദേശം 3,520 കോടി ഡോളറായി കണക്കാക്കുന്നു. 2,270 കോടി ഡോളറിന്റെ സാമ്പത്തികവും സാമൂഹികവുമായ നഷ്ടം കണക്കാക്കുന്നുണ്ട്. പാര്‍പ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, വ്യാപാരം, കൃഷി തുടങ്ങിയ ഏറ്റവും പ്രധാനപ്പെട്ട മേഖലകളെ നാശനഷ്ടം ബാധിച്ചതായി സംഘര്‍ഷത്തിന് 24 മാസങ്ങള്‍ക്ക് ശേഷം ഗാസയിലെ സ്ഥിതി വിലയിരുത്തല്‍ എന്ന പേരില്‍ തയാറാക്കി പുറത്തുവിട്ട റിപ്പോര്‍ട്ട് വിശദീകരിച്ചു. ഇസ്രായില്‍ ആക്രമണങ്ങളില്‍ 3,71,888 ലേറെ ഭവന യൂണിറ്റുകള്‍ നശിപ്പിക്കപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തു. പകുതിയിലധികം ആശുപത്രികളും പ്രവര്‍ത്തനരഹിതമായി. മിക്കവാറും എല്ലാ സ്‌കൂളുകളും നശിപ്പിക്കപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തു. 84 ശതമാനം സാമ്പത്തിക ശോഷണം നേരിട്ടു.
ഗാസ മുനമ്പിലും വെസ്റ്റ് ബാങ്കിലും അടിയന്തിര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സമഗ്രമായ പുനര്‍നിര്‍മ്മാണത്തിലേക്കുള്ള ക്രമീകൃതവും ഫലപ്രദവുമായ മാറ്റം ഉറപ്പാക്കുന്നതിന്, മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്ക് സമാന്തരമായി വീണ്ടെടുക്കല്‍ ശ്രമങ്ങള്‍ നടപ്പാക്കേണ്ടത് ആവശ്യമാണെന്ന് വിലയിരുത്തല്‍ വ്യക്തമാക്കി. ഈ ശ്രമങ്ങള്‍ ഫലസ്തീനികള്‍ നേതൃത്വം നല്‍കുന്നതും, യു.എന്‍ രക്ഷാ സമിതി പ്രമേയം 2803, സമഗ്രമായ പ്രവര്‍ത്തന പദ്ധതി എന്നിവക്ക് അനുസൃതമായി ഫലസ്തീന്‍ അതോറിറ്റിക്ക് ഭരണം കൈമാറുന്നതിനെ പിന്തുണക്കുന്ന മെച്ചപ്പെട്ട രീതിയില്‍ പുനര്‍നിര്‍മിക്കുക എന്ന സമീപനത്തെ അടിസ്ഥാനമാക്കിയുള്ളതും ആയിരിക്കണമെന്നും, ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കിയുള്ള ശാശ്വത രാഷ്ട്രീയ ഒത്തുതീര്‍പ്പ് മുന്നോട്ട് കൊണ്ടുപോകുന്നതിനൊപ്പം തന്നെ ആയിരിക്കണമെന്നും വിലയിരുത്തല്‍ റിപ്പോര്‍ട്ട് പറഞ്ഞു.
സുസ്ഥിരമായ വെടിനിര്‍ത്തലും സുരക്ഷയും, മാനുഷിക വസ്തുക്കളുടെ തടസ്സമില്ലാത്ത പ്രവേശനവും സേവനങ്ങളുടെ പുനഃസ്ഥാപനവും ഗാസക്കും വെസ്റ്റ് ബാങ്കിനും ഉള്ളിലും അവക്കിടയിലും ആളുകളുടെയും സാധനങ്ങളുടെയും പുനര്‍നിര്‍മ്മാണ സാമഗ്രികളുടെയും സ്വതന്ത്രമായ ചലനവും ഉള്‍പ്പെടെ നിരവധി പ്രധാന വ്യവസ്ഥകളെ ഈ പ്രക്രിയയുടെ വിജയം ആശ്രയിച്ചിരിക്കുന്നുവെന്ന് യൂറോപ്യന്‍ യൂണിയനും ഐക്യരാഷ്ട്രസഭയും സ്ഥിരീകരിച്ചു. ഫലപ്രദവും സുതാര്യവുമായ ധനസംവിധാനം, ഉത്തരവാദിത്തമുള്ള ഭരണം, അവശിഷ്ടങ്ങള്‍ വേഗത്തില്‍ നീക്കം ചെയ്യല്‍, പൊട്ടിത്തെറിക്കാത്ത വെടിക്കോപ്പുകള്‍ നീക്കം ചെയ്യല്‍, ഭവന, ഭൂമി, സ്വത്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കല്‍ എന്നിവ ഇതിന് ആവശ്യമാണ്. ഗാസയുടെ ഭൗതികവും സ്ഥാപനപരവുമായ പുനര്‍നിര്‍മ്മാണവും അധിനിവിഷ്ട ഫലസ്തീന്‍ പ്രദേശങ്ങളില്‍ ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാനുള്ള വ്യക്തമായ പാതയും സംയോജിപ്പിക്കാതെ യു.എന്‍ രക്ഷാ സമിതി 2803-ാം പ്രമേയവും സമഗ്ര പ്രവര്‍ത്തന പദ്ധതിയും നടപ്പാക്കുന്നത് സാധ്യമല്ലെന്ന് യൂറോപ്യന്‍ യൂണിയനും ഐക്യരാഷ്ട്രസഭയും വ്യക്തമാക്കി.



