ഇസ്ലാമാബാദ്– മേഖലയിലെ സംഘർഷാവസ്ഥ പരിഹരിക്കാനുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സൗദി അറേബ്യ, ഖത്തർ, തുർക്കി എന്നീ രാജ്യങ്ങളിൽ സന്ദർശനം ആരംഭിച്ചു. ബുധനാഴ്ച മുതൽ നാല് ദിവസത്തെ ഡിപ്ലോമാറ്റിക് ബ്ലിറ്റ്സ് ലക്ഷ്യമിട്ടാണ് അദ്ദേഹം പുറപ്പെട്ടത്. ഇസ്ലാമാബാദിൽ നടക്കാനിരിക്കുന്ന യുഎസ്-ഇറാൻ സമാധാന ചർച്ചകളുടെ രണ്ടാം ഘട്ടത്തിന് മുന്നോടിയായാണ് ഈ സുപ്രധാന നീക്കം. ഏപ്രിൽ 15 മുതൽ 18 വരെയാണ് ഷെഹ്ബാസ് ഷെരീഫിന്റെ ഔദ്യോഗിക സന്ദർശനം. സൗദി അറേബ്യ, ഖത്തർ എന്നിവിടങ്ങളിൽ ഉഭയകക്ഷി ചർച്ചകളിൽ അദ്ദേഹം പങ്കെടുക്കും. തുർക്കിയെ സന്ദർശന വേളയിൽ പ്രശസ്തമായ അന്റാലിയ ഡിപ്ലോമസി ഫോറത്തിൽ അദ്ദേഹം പങ്കുചേരും. ഫോറത്തിന്റെ ഭാഗമായി തുർക്കിയെ പ്രസിഡന്റ് റജബ് തയ്യിബ് എർദോഗനുമായും മറ്റ് ലോക നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
നയതന്ത്ര ചർച്ചകൾക്കൊപ്പം പാകിസ്ഥാന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നീക്കങ്ങളും സന്ദർശനത്തിന്റെ ഭാഗമാണ്. പാകിസ്ഥാന്റെ വിദേശനാണ്യ ശേഖരം ഉയർത്തുന്നതിനായി സൗദി അറേബ്യ 300 കോടി ഡോളർ (3 Billion USD) നൽകുമെന്ന് പാക് ധനമന്ത്രാലയം അറിയിച്ചു. ഇതിന് പുറമെ സൗദി നൽകിയിട്ടുള്ള 500 കോടി ഡോളറിന്റെ നിക്ഷേപ കാലാവധി നീട്ടി നൽകാനും ധാരണയായിട്ടുണ്ട്.
വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ ഉൾപ്പെടെയുള്ള ഉന്നതതല സംഘമാണ് പ്രധാനമന്ത്രിക്കൊപ്പമുള്ളത്.



