ബെയ്‌റൂത്ത്: തെക്കൻ ലെബനോനിൽ ഹിസ്ബുല്ല പോരാളികളുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഇസ്രായേലി സൈനികൻ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. 188-ാം ബ്രിഗേഡിലെ റിസർവ് സർജന്റും ഫയർ ട്രക്ക് ഡ്രൈവറുമായ ഇയാൽ ഉറിയിൽ ബിയാൻകോ ആണ് കൊല്ലപ്പെട്ടത്. മാർച്ചിൽ സംഘർഷം ലെബനോനിലേക്ക് വ്യാപിച്ചതിന് ശേഷം കൊല്ലപ്പെടുന്ന പതിമൂന്നാമത്തെ ഇസ്രായിലി സൈനികനാണ് ഇദ്ദേഹം.
തെക്കൻ ലെബനോനിലെ തന്ത്രപ്രധാന ഗ്രാമമായ ബിന്ത് ജബെയ്‌ലിൽ നടന്ന പോരാട്ടത്തിൽ പത്തോളം പാരാ ട്രൂപ്പർമാർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രികളിലേക്ക് മാറ്റിയതായി സൈനിക വക്താവ് അറിയിച്ചു. മാർച്ച് ആദ്യവാരം ലെബനോനിൽ കരയാക്രമണം പുനരാരംഭിച്ചതിന് ശേഷം 565 ഓളം ഉദ്യോഗസ്ഥർക്കും സൈനികർക്കും പരിക്കേറ്റതായാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയ്ക്ക് ശേഷം മാത്രം 154 പേർക്കാണ് പരിക്കേറ്റത്. ഇതിൽ 34 പേരുടെ പരിക്ക് സാരമുള്ളതാണ്.
നിലവിൽ കിഴക്കൻ സെക്ടറിലെ ഖിയാം, മധ്യ സെക്ടറിലെ ബിന്ത് ജബെയ്‌ല് എന്നീ അതിർത്തി ഗ്രാമങ്ങൾ കേന്ദ്രീകരിച്ചാണ് ഇസ്രായിൽ സൈന്യം മുന്നേറ്റം നടത്തുന്നത്. എന്നാൽ ഹിസ്ബുല്ലയുടെ ശക്തമായ പ്രതിരോധം കാരണം ഈ ഗ്രാമങ്ങളുടെ പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കാൻ ഇസ്രായിലിന് ഇതുവരെ സാധിച്ചിട്ടില്ലെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.



