മലപ്പുറം– നിയമസഭാ തിരഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലെ പതിനാറിൽ പതിനാറ് സീറ്റുകളും ഇത്തവണ മുന്നണി പിടിച്ചെടുക്കുമെന്ന് മുസ്ലിം ലീഗ് പ്രവർത്തകസമിതി. എൽഡിഎഫിന്റെ സ്ഥാനാർഥി നിർണ്ണയത്തിലെ പാളിച്ചകൾ യുഡിഎഫിന് വലിയ ഗുണം ചെയ്തതായാണ് ലീഗിന്റെ കണക്കുകൂട്ടൽ. കടുത്ത പോരാട്ടം നടന്ന പൊന്നാനിയിലും തവനൂരിലും അയ്യായിരത്തിൽപ്പരം വോട്ടുകളുടെ വിജയം പാർട്ടി പ്രതീക്ഷിക്കുന്നുണ്ട്. പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം അരലക്ഷം കടക്കുമെന്നും താനൂരിൽ ഇരുപതിനായിരം വോട്ടിന്റെ ലീഡ് ലഭിക്കുമെന്നുമാണ് പാർട്ടിയുടെ പ്രാഥമിക റിപ്പോർട്ട്. ലീഗ് വിമതൻ മത്സരിച്ച മങ്കടയിൽ കഴിഞ്ഞ തവണത്തേക്കാൾ ഇരട്ടി ഭൂരിപക്ഷം ലഭിക്കുമെന്നും മന്ത്രി അബ്ദുറഹ്‌മാൻ മണ്ഡലം മാറിയത് താനൂരിലും തിരൂരിലും യുഡിഎഫിന് അനുകൂലമായതായും ലീഗ് വിലയിരുത്തുന്നു. ഇതുസംബന്ധിച്ച കൂടുതൽ വിശദമായ അവലോകനം ഈ മാസം 22-ന് നടക്കും.
മലപ്പുറത്തിന് പിന്നാലെ കോഴിക്കോട് ജില്ലയിലും എൽഡിഎഫിന് ചരിത്രത്തിലെ വലിയ പരാജയമായിരിക്കും നേരിടേണ്ടി വരികയെന്ന് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ വ്യക്തമാക്കി. ജില്ലയിലെ 13 മണ്ഡലങ്ങളിലും ഇത്തവണ വിജയം സുനിശ്ചിതമാണെന്ന ഉറച്ച വിശ്വാസത്തിലാണ് കോൺഗ്രസ് നേതൃത്വം. കോഴിക്കോട്, കൊല്ലം ജില്ലകളിൽ യുഡിഎഫിന് കരുത്ത് പകരുന്ന വലിയ മാറ്റങ്ങൾ പ്രകടമാണെന്ന് ഷാഫി പറമ്പിൽ എംപിയും അഭിപ്രായപ്പെട്ടു.



