തിരുവനന്തപുരം– കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് ശതമാനം 79.63 ആണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ കേൽക്കർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സർവീസ് വോട്ടുകൾ ഒഴികെയുള്ള അന്തിമ കണക്കാണിത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് നാല് ദിവസം പിന്നിട്ടിട്ടും കൃത്യമായ കണക്ക് പുറത്തുവിടാത്തതിനെതിരെ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് കമ്മീഷന്റെ വിശദീകരണം. കണക്കുകൾ തയ്യാറാക്കാൻ മൂന്ന് ദിവസം മാത്രമാണ് എടുത്തതെന്നും നടപടിക്രമങ്ങളിൽ കാലതാമസം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ടെണ്ണൽ ദിവസം മാത്രമേ സർവീസ് വോട്ടുകളുടെ പൂർണ്ണരൂപം ലഭ്യമാകൂ എന്നും അതു കൂടി ചേരുമ്പോഴേ പോളിംഗിന്റെ പൂർണ്ണ ചിത്രം വ്യക്തമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വോട്ടെടുപ്പ് ദിവസം ബൂത്തുകളിലെത്തി നേരിട്ട് വോട്ട് ചെയ്തവർ 78.27 ശതമാനമാണ്. ആകെ 2,12,43,942 പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ 1,13,03,410 സ്ത്രീകളും 99,40,379 പുരുഷന്മാരും 153 ട്രാൻസ്ജെൻഡറുകളും ഉൾപ്പെടുന്നു. മണ്ഡലം തിരിച്ചുള്ള വോട്ട് കണക്കുകളും കമ്മീഷൻ പരസ്യപ്പെടുത്തിയിട്ടുണ്ട്. നടപടിക്രമങ്ങളെല്ലാം സുതാര്യമായാണ് നടന്നതെന്നും പോളിങ് ഏജന്റുമാർക്ക് ഫോം 17 സി നൽകിയിട്ടുണ്ടെന്നും കമ്മീഷൻ അറിയിച്ചു. രാഷ്ട്രീയ പാർട്ടികൾക്ക് എല്ലാ വിവരങ്ങളും കൈമാറിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിക്കുന്ന ഇൻഡെക്സ് കാർഡിലാകും ഏറ്റവും ഒടുവിലത്തെ കണക്കുകൾ ഉണ്ടാവുക.
വിവിധ വിഭാഗങ്ങളിലായി നടന്ന വോട്ടിംഗിന്റെ വിശദാംശങ്ങളും കമ്മീഷൻ പങ്കുവെച്ചു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരിൽ 96.37 ശതമാനം പേർ (1,35,068 പേർ) വോട്ട് രേഖപ്പെടുത്തി. മുതിർന്ന പൗരന്മാരുടെ വോട്ട് ശതമാനം 96.3 ആണ്. കൂടാതെ 60,734 ഭിന്നശേഷിക്കാരും 32,172 അവശ്യവിഭാഗം ജീവനക്കാരും വോട്ട് ചെയ്തു. ഹോം വോട്ടുകൾ 96.7 ശതമാനം പൂർത്തിയായിട്ടുണ്ട്. വോട്ടെടുപ്പ് ദിവസം വരെ 53,984 സർവീസ് വോട്ടുകളാണ് ലഭിച്ചത്. തിരഞ്ഞെടുപ്പ് നടപടികളിൽ ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ നിയമപരമായ പരിഹാരം തേടാമെന്നും രത്തൻ കേൽക്കർ വ്യക്തമാക്കി.



