സിഡ്‌നി– ഒന്നേകാൽ നൂറ്റാണ്ട് പിന്നിടുന്ന ഓസ്‌ട്രേലിയൻ സൈനിക ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ മേധാവി ചുമതലയേൽക്കുന്നു. ലഫ്റ്റനന്റ് ജനറൽ സൂസൻ കോയ്ലി ഓസ്‌ട്രേലിയയുടെ പുതിയ ചീഫ് ഓഫ് ആർമിയായി നിയമിതയായി. ഓസ്‌ട്രേലിയൻ സൈന്യത്തിന്റെ 125 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഈ ഉന്നത പദവിയിലെത്തുന്നത്. പ്രതിരോധ മന്ത്രി റിച്ചാർഡ് മാർലെസ് തിങ്കളാഴ്ചയാണ് ഈ ചരിത്രപരമായ പ്രഖ്യാപനം നടത്തിയത്.
മുപ്പത് വർഷത്തിലേറെ നീണ്ട സൈനിക സേവന പാരമ്പര്യമുള്ള സൂസൻ കോയ്ലി, അഫ്ഗാനിസ്ഥാൻ, സോളമൻ ഐലൻഡ്‌സ്, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലെ നിർണ്ണായക ദൗത്യങ്ങളിൽ പങ്കാളിയായിട്ടുണ്ട്. ഓസ്‌ട്രേലിയയുടെ ചരിത്രത്തിൽ ഒരു സൈനിക വിഭാഗത്തിന്റെ കമാൻഡറായി ഒരു സ്ത്രീ എത്തുന്നത് ഇതാദ്യമാണെന്നും, വരുംതലമുറയ്ക്ക് ഇതൊരു വലിയ പ്രചോദനമാണെന്നും പ്രതിരോധ മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഡ്രോണുകളും ദീർഘദൂര പ്രഹരശേഷിയുള്ള മിസൈലുകളും ഉൾപ്പെടെ ആധുനിക യുദ്ധോപകരണങ്ങൾ സജ്ജമാക്കി സൈന്യം വലിയൊരു പരിവർത്തനത്തിലൂടെ കടന്നുപോകുന്ന ഘട്ടത്തിലാണ് ഈ നിയമനം. സൈബർ യുദ്ധമുറകളിൽ തനിക്കുള്ള വിപുലമായ അനുഭവം ആധുനിക കാലത്തെ വെല്ലുവിളികൾ നേരിടാൻ സൈന്യത്തെ സഹായിക്കുമെന്ന് ചുമതലയേറ്റ ശേഷം സൂസൻ കോയ്ലി വ്യക്തമാക്കി. “കാണാൻ സാധിക്കാത്തത് ആവാൻ സാധിക്കില്ല” എന്ന തത്വം ഊന്നിപ്പറഞ്ഞുകൊണ്ട്, തന്റെ നേട്ടം വരുംകാലങ്ങളിൽ കൂടുതൽ സ്ത്രീകൾക്ക് സൈന്യത്തിന്റെ തലപ്പത്തേക്ക് വരാൻ വഴിയൊരുക്കുമെന്നും അവർ കൂട്ടിച്ചേർത്തു.



