ബെയ്‌റൂത്ത് – ഇറാന്‍ യുദ്ധം രാജ്യത്തേക്കുള്ള സാധനങ്ങളുടെ വിതരണം തടസ്സപ്പെടുത്തിയതിന്റെ ഫലമായി ലെബനോന്‍ കടുത്ത ഭക്ഷ്യ സുരക്ഷാ പ്രതിസന്ധി നേരിടുകയാണെന്ന് യു.എന്‍ ഏജന്‍സിയായ വേള്‍ഡ് ഫുഡ് പ്രോഗ്രാം. നമ്മള്‍ കാണുന്നത് ഒരു കുടിയിറക്ക പ്രതിസന്ധി മാത്രമല്ല, അതിവേഗം വളരുന്ന ഭക്ഷ്യ സുരക്ഷാ പ്രതിസന്ധിയാണെന്ന് ലെബനോനിലെ വേള്‍ഡ് ഫുഡ് പ്രോഗ്രാം കണ്‍ട്രി ഡയറക്ടര്‍ അലിസണ്‍ ഒമാന്‍ പറഞ്ഞു. ക്രമാനുഗതമായി ഉയരുന്ന ഭക്ഷ്യവിലകള്‍ കുടിയിറക്കപ്പെട്ട കുടുംബങ്ങള്‍ക്ക് താങ്ങാനാവാത്ത അവസ്ഥയുണ്ടാക്കിയിട്ടുണ്ടെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. ലെബനോന്‍ രണ്ട് തലങ്ങളുള്ള ഒരു പ്രതിസന്ധി നേരിടുകയാണെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം ഡയറക്ടര്‍ പറഞ്ഞു. ചില വിപണികള്‍ പൂര്‍ണ്ണമായും തകര്‍ന്നിരിക്കുന്നു. പ്രത്യേകിച്ച് തെക്കന്‍ പ്രദേശങ്ങളില്‍ 80 ശതമാനത്തിലധികം വിപണികളും പ്രവര്‍ത്തിക്കുന്നില്ല. ബെയ്‌റൂത്തിലെ വിപണികള്‍ വര്‍ധിച്ചുവരുന്ന സമ്മര്‍ദത്തിലാണ്. അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ സ്റ്റോക്ക് ഒരു ആഴ്ചയില്‍ കൂടുതല്‍ നിലനില്‍ക്കില്ലെന്ന് പല വ്യാപാരികളും റിപ്പോര്‍ട്ട് ചെയ്തതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ച് 2 മുതല്‍ ശക്തമായ ഇസ്രായിലി വ്യോമാക്രമണങ്ങള്‍ക്ക് വിധേയമായതിനാല്‍ തെക്കന്‍ പ്രദേശങ്ങളിലേക്ക് ഭക്ഷ്യസഹായം എത്തിക്കാനുള്ള ബുദ്ധിമുട്ട് കൂടുതല്‍ വഷളായി. ഈ ആഴ്ച തെക്കന്‍ ലെബനോനില്‍ പ്രവേശിച്ച വേള്‍ഡ് ഫുഡ് പ്രോഗ്രാം വാഹനവ്യൂഹം പതിവിലും 15 മണിക്കൂറിലധികം കൂടുതല്‍ സമയമെടുത്തു. വ്യാഴാഴ്ച രാത്രി മുതല്‍ വെള്ളിയാഴ്ച രാവിലെ വരെ തെക്കന്‍ ലെബനോനില്‍ ഇസ്രായില്‍ ശക്തമായ ആക്രമണം നടത്തി. ഫെബ്രുവരി 28 ന് ഇറാനില്‍ അമേരിക്കയും ഇസ്രായിലും നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന് മാര്‍ച്ച് 2 മുതല്‍ ഹിസ്ബുല്ല തെക്കന്‍ ലെബനോനിലും ഇസ്രായിലിനുള്ളിലും ഇസ്രായിലി ലക്ഷ്യങ്ങള്‍ക്ക് നേരെ ഷെല്ലാക്രമണം നടത്തിവരികയാണ്.



