മഥുര– ഉത്തർപ്രദേശിലെ വൃന്ദാവനിൽ തീർത്ഥാടകർ സഞ്ചരിച്ച ബോട്ട് യമുനാ നദിയിൽ മറിഞ്ഞ് ഒമ്പത് പേർ മരിച്ചു. വൃന്ദാവൻ കോട്‌വാലി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ശൃംഗാർ ഘട്ടിന് സമീപമാണ് വെള്ളിയാഴ്ച ഉച്ചയോടെ നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. ഏകദേശം 25 യാത്രക്കാരുമായി പോയ സ്റ്റീമർ പെട്ടെന്ന് നിയന്ത്രണം വിട്ട് നദിയിലേക്ക് മറിയുകയായിരുന്നു.
മരണസംഖ്യ ഒമ്പതായെന്ന് ജില്ലാ മജിസ്‌ട്രേറ്റ് സി.പി. സിംഗ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. അപകടസമയത്ത് ബോട്ടിലുണ്ടായിരുന്ന പന്ത്രണ്ടോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. ഇവർക്കായി എൻ.ഡി.ആർ.എഫും പ്രാദേശിക മുങ്ങൽ വിദഗ്ധരും ചേർന്ന് നദിയിൽ വ്യാപകമായ തിരച്ചിൽ നടത്തിവരികയാണ്. കാണാതായ അവസാന ആളെയും കണ്ടെത്തുന്നതുവരെ തിരച്ചിൽ തുടരുമെന്ന് ഭരണകൂടം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



