തെഹ്‌റാൻ: ഇറാനിലെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഇ അബോധാവസ്ഥയിലാണെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫെബ്രുവരി അവസാനം നടന്ന യുഎസ്-ഇസ്രായിൽ വ്യോമാക്രമണത്തിൽ മുജ്തബയ്ക്ക് പരിക്കേറ്റതായും നിലവിൽ അദ്ദേഹം ചികിത്സയിലാണെന്നുമാണ് വിവരം. രാജ്യത്തെ നയിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിനെച്ചൊല്ലി ഇതോടെ ആശങ്കകൾ ശക്തമായിട്ടുണ്ട്.
ബ്രിട്ടീഷ് പത്രമായ ‘ദി ടൈംസ്’ പുറത്തുവിട്ട നയതന്ത്ര രേഖകൾ പ്രകാരം, മുജ്തബ ഖാംനഇ നിലവിൽ ഖും നഗരത്തിലെ അതീവ സുരക്ഷാ കേന്ദ്രത്തിൽ ചികിത്സയിലാണെന്നാണ് സൂചിപ്പിക്കുന്നത്. തെഹ്റാനിൽ നിന്ന് 140 കിലോമീറ്റർ അകലെയുള്ള ശിയാ മതപഠന കേന്ദ്രമായ ഖുമിലാണ് അദ്ദേഹമുള്ളത്. വ്യോമാക്രമണത്തിൽ മുജ്തബയ്ക്ക് ഗുരുതരമായ വൈകല്യങ്ങൾ സംഭവിച്ചതായും അദ്ദേഹം കോമയിലാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവിൽ ഭരണപരമായ ഒരു തീരുമാനങ്ങളിലും നേരിട്ട് പങ്കെടുക്കാൻ അദ്ദേഹത്തിന് സാധിക്കുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
പിതാവ് അലി ഖാംനഇ കൊല്ലപ്പെട്ട അതേ ആക്രമണത്തിലാണ് മുജ്തബയ്ക്കും പരിക്കേറ്റത്. അതിനുശേഷം അദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പകരം രേഖാമൂലമുള്ള സന്ദേശങ്ങൾ മാത്രമാണ് പുറത്തുവരുന്നത്. കഴിഞ്ഞ ദിവസം മുജ്തബ ഖാംനഇ സൈനിക കൺട്രോൾ റൂമിലിരുന്ന് ഇസ്രായിലിന്റെ ഭൂപടം പരിശോധിക്കുന്ന രീതിയിലുള്ള ദൃശ്യങ്ങൾ ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ പുറത്തുവിട്ടിരുന്നു. എന്നാൽ ഇത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോകളാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. വീഡിയോകളിൽ അദ്ദേഹത്തിന്റെ ശബ്ദം ലഭ്യമല്ലാത്തത് ഈ സംശയങ്ങൾക്ക് ആക്കം കൂട്ടുന്നു.
മുജ്തബ ഖാംനഇയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഇറാൻ ഭരണകൂടം ഔദ്യോഗികമായി മൗനം പാലിക്കുമ്പോൾ, പ്രതിപക്ഷ ഗ്രൂപ്പുകൾ രാജ്യം വലിയൊരു അധികാര പ്രതിസന്ധിയിലാണെന്ന് അവകാശപ്പെടുന്നു. അദ്ദേഹം പദവിയിൽ തുടരുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ ഉറപ്പിച്ചുപറയുന്നുണ്ടെങ്കിലും, യഥാർത്ഥ അധികാരം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ കൈകളിലാണെന്നാണ് സൂചന. അന്തരിച്ച മുൻ പരമോന്നത നേതാവ് അലി ഖാംനഇയെ ഖുമിലെ മഖ്ബറയിൽ സംസ്‌കരിക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരികയാണ്. ഇതേ സ്ഥലത്ത് കുടുംബാംഗങ്ങൾക്കായി കൂടുതൽ ഖബറുകൾ ഒരുക്കുന്നത് മുജ്തബയുടെ ആരോഗ്യനിലയെ സംബന്ധിച്ച ആശങ്കകൾക്ക് മറ്റൊരു കാരണമാകുന്നു. ഇറാൻ നേരിടുന്ന ഈ നിർണ്ണായക ഘട്ടത്തിൽ നേതൃത്വത്തിലെ അനിശ്ചിതത്വം മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കിയേക്കാം.



