തെൽഅവീവ് – ഹൈഫയിൽ ഞായറാഴ്ചയുണ്ടായ ഇറാൻ്റെ മിസൈൽ ആക്രമണത്തിൽ നാല് ഇസ്രായിലികൾ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. നാലു പേരുടെയും മൃതദേഹങ്ങൾ ആക്രമണത്തിൽ തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് പുറത്തെടുത്തു. മിസൈൽ ആക്രമണത്തിൽ കാണാതായ നാലു പേർക്കു വേണ്ടി തിരച്ചിലുകൾ തുടരുകയാണെന്ന് ഇസ്രായിൽ അധികൃതർ നേരത്തെ അറിയിച്ചിരുന്നു.
തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് രക്ഷാപ്രവർത്തകർ നാല് മൃതദേഹങ്ങൾ കണ്ടെടുത്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനങ്ങളിലൂടെ രണ്ട് മൃതദേഹങ്ങൾ രക്ഷാപ്രവർത്തകർ കണ്ടെടുത്തതായി ഇസ്രായിലിന്റെ ചാനൽ 14 റിപ്പോർട്ട് ചെയ്തു. കാണാതായ മറ്റു രണ്ട് പേരുടെ മൃതദേഹങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു. ഏകദേശം 450 കിലോഗ്രാം ഭാരമുള്ള ഇറാൻ ബാലിസ്റ്റിക് മിസൈൽ ഞായറാഴ്ച ഹൈഫയിലെ അഞ്ച് നില റെസിഡൻഷ്യൽ കെട്ടിടത്തിൽ ഇടിക്കുകയായിരുന്നു. ആക്രമണത്തിൽ കെട്ടിടം ഭാഗികമായി തകരുകയും വ്യാപകമായ നാശനഷ്ടമുണ്ടാവുകയും ചെയ്തു.



