തെഹ്‌റാന്‍ – യുദ്ധത്തിന്റെ ഫലമായുണ്ടായ നാശനഷ്ടങ്ങള്‍ക്ക് പൂര്‍ണ്ണ നഷ്ടപരിഹാരം ലഭിക്കുന്നതുവരെ ഹുര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും തുറക്കില്ലെന്ന് മുതിര്‍ന്ന ഇറാന്‍ ഉദ്യോഗസ്ഥന്‍ പ്രസ്താവിച്ചു. ഹുര്‍മുസ് കടലിടുക്കിലെ ഗതാഗതം നിയന്ത്രിക്കുന്നത് തുടര്‍ന്നാല്‍ ഇറാനിലെ വൈദ്യുതി അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഏറ്റവും പുതിയ ഭീഷണിക്ക് മറുപടിയായാണ് ഇറാന്‍ പ്രസിഡന്റിന്റെ ഓഫീസിലെ കമ്മ്യൂണിക്കേഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ മഹ്ദി തബതബായി ഇക്കാര്യം വ്യക്തമാക്കിയത്. ട്രംപിന്റെ ഭീഷണിയില്‍ അശ്ലീലം അടങ്ങിയിരിക്കുന്നു. ഇത് അദ്ദേഹത്തിന്റെ നിരാശയും അങ്ങേയറ്റത്തെ കോപവും പ്രതിഫലിപ്പിക്കുന്നതായും മഹ്ദി തബതബായി പറഞ്ഞു.
അതേസമയം, ഹുര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും വീണ്ടും തുറക്കാനുള്ള സാധ്യമായ ഓപ്ഷനുകള്‍ സംബന്ധിച്ച് ഒമാനും ഇറാനും തമ്മിലുള്ള അവസാന നിമിഷ ചര്‍ച്ചകളെ കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവന്നു. രണ്ടാഴ്ചയായി ചര്‍ച്ചകള്‍ തുടരുകയാണെന്നും വാണിജ്യ കപ്പലുകളെ കടലിടുക്ക് കടന്നുപോകാന്‍ അനുവദിക്കുന്ന ഒരു സുരക്ഷിത പാസേജ് പ്രോട്ടോക്കോള്‍ തയാറാക്കുന്നതില്‍ ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായും ഒമാന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് സി.എന്‍.എന്‍ പറഞ്ഞു. ഇറാനുമായുള്ള ഏതൊരു കരാറും സൈനിക പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതില്‍ മാത്രം ഒതുങ്ങരുതെന്നും, മറിച്ച് അയല്‍രാജ്യങ്ങളോടുള്ള ഇറാന്റെ ശത്രുതാപരമായ നടപടികള്‍ നിര്‍ത്തലാക്കുന്നത് കൂടി കരാറില്‍ ഉള്‍പ്പെടുത്തണമെന്നും യു.എ.ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അന്‍വര്‍ ബിന്‍ മുഹമ്മദ് ഗര്‍ഗാശ് വ്യക്തമാക്കി. മേഖലയില്‍ ദീര്‍ഘകാല സ്ഥിരത കൈവരിക്കാന്‍ പിരിമുറുക്കത്തിന്റെ മൂലകാരണങ്ങള്‍ പരിഹരിക്കേണ്ടത് പ്രധാനമാണ്. സംഘര്‍ഷം കൂടുതല്‍ വര്‍ധിപ്പിക്കാന്‍ യു.എ.ഇ ആഗ്രഹിക്കുന്നില്ല. അതേസമയം തന്നെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെടുന്ന ഒരു വെടിനിര്‍ത്തലിനെ യു.എ.ഇ പിന്തുണക്കുന്നുമില്ല. അപൂര്‍ണ്ണമായ ഏതൊരു ഒത്തുതീര്‍പ്പും കൂടുതല്‍ അപകടകരമായ അന്തരീക്ഷം സൃഷ്ടിക്കും. പ്രാദേശിക അസ്ഥിരതയുടെ തുടര്‍ച്ച തടയുന്ന വിധത്തില്‍ സംഘര്‍ഷം അവസാനിപ്പിക്കണെന്നും അദ്ദേഹം ചൂണ്ടികാട്ടി.
ഹുര്‍മുസ് കടലിടുക്ക് പ്രശ്‌നം ഏതൊരു ഒത്തുതീര്‍പ്പിന്റെയും അനിവാര്യ ഘടകമായിരിക്കണണം. ഹുര്‍മുസ് കടലിടുക്ക് ഒരു രാജ്യത്തിന്റെയും കൈകളിലെ ബന്ദിയാക്കി മാറ്റരുത്. നാവിഗേഷന്‍ സ്വാതന്ത്ര്യവും സുപ്രധാന ജലപാതകളുടെ സംരക്ഷണവും ഉറപ്പുനല്‍കുന്ന വ്യക്തമായ ഒരു കരാറുണ്ടാക്കണം. യു.എ.ഇ ഒരു നാവിക ശക്തിയാകാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ സമുദ്ര നാവിഗേഷന്‍ സുരക്ഷിതമാക്കാന്‍ ലക്ഷ്യമിട്ട് അമേരിക്ക നയിക്കുന്ന ഏതൊരു ശ്രമത്തിലും അന്താരാഷ്ട്ര സഖ്യത്തിലും ചേരാന്‍ യു.എ.ഇ തയ്യാറാണ്. യു.എ.ഇയുടെ പ്രാഥമിക സുരക്ഷാ പങ്കാളിയായി അമേരിക്ക തുടരും. ഈ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. നഷ്ടപരിഹാരത്തെ കുറിച്ചുള്ള ഇറാന്‍ നേതാക്കളുടെ സംസാരം കൂടുതല്‍ വിശാലമായി കാണണണം. ഇറാന്‍ ആക്രമണങ്ങളില്‍ നാശനഷ്ടങ്ങള്‍ നേരിട്ട രാജ്യങ്ങള്‍ക്കും നഷ്ടപരിഹാരം ലഭിക്കണമെന്ന് അന്‍വര്‍ ബിന്‍ മുഹമ്മദ് ഗര്‍ഗാശ് പറഞ്ഞു.



