തെല്‍അവീവ് – ഇറാൻ, ലെബനോൻ, ഗാസ എന്നിവിടങ്ങളിൽ തുടരുന്ന യുദ്ധങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രായിലിലെ തെൽ അവീവിൽ നൂറുകണക്കിന് ആളുകൾ പ്രതിഷേധ പ്രകടനം നടത്തി. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ മുദ്രാവാക്യം വിളിച്ച ജനക്കൂട്ടം, അനന്തമായ ഈ യുദ്ധം അവസാനിപ്പിക്കണമെന്ന ബാനറുകളുമായാണ് തെരുവിലിറങ്ങിയത്. യുദ്ധസാഹചര്യത്തിൽ കൂട്ടംകൂടുന്നതിന് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിട്ടും നഗരമധ്യത്തിൽ ഒത്തുകൂടിയ പ്രതിഷേധക്കാരെ പോലീസ് തടയാൻ ശ്രമിച്ചു. സമാധാനത്തിന് വേണ്ടി സംസാരിക്കുന്നവരെ നിശബ്ദരാക്കാനാണ് അധികൃതർ ശ്രമിക്കുന്നതെന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകിയ ‘സ്റ്റാൻഡിംഗ് ടുഗെദർ’ എന്ന സംഘടന കുറ്റപ്പെടുത്തി. തുടർന്ന് സംഘടനാ ഭാരവാഹിയായ അലോൺ-ലീ ഗ്രീൻ ഉൾപ്പെടെയുള്ള ഏതാനും പേരെ പോലീസ് അറസ്റ്റ് ചെയ്തു.


തനിക്കെതിരെയുള്ള അഴിമതിക്കേസുകളിലെ വിചാരണ ഒഴിവാക്കാനാണ് നെതന്യാഹു യുദ്ധം നീട്ടിക്കൊണ്ടുപോകുന്നതെന്ന് പ്രതിഷേധക്കാരിൽ പലരും ആരോപിച്ചു. അഴിമതിക്കേസിൽ വിചാരണ നേരിടുന്ന നെതന്യാഹുവിന് മാപ്പ് നൽകാൻ ഇസ്രായിൽ പ്രസിഡന്റിന് മേൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമ്മർദ്ദം ചെലുത്തുന്നതായും റിപ്പോർട്ടുകളുണ്ട്. യുദ്ധം എപ്പോൾ അവസാനിക്കുമെന്നോ എന്താണ് ഇതിന്റെ ലക്ഷ്യമെന്നോ ജനങ്ങൾക്ക് വ്യക്തമല്ലെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ, ഇറാനിലെ ഭരണകൂടത്തിനും അവരുടെ സാമ്പത്തിക സ്രോതസ്സുകൾക്കും നേരെയുള്ള ആക്രമണം തുടരുമെന്ന് ശനിയാഴ്ച വൈകിട്ട് നടത്തിയ പ്രസംഗത്തിൽ നെതന്യാഹു വ്യക്തമാക്കി. ഇറാന്റെ സ്റ്റീൽ, പെട്രോകെമിക്കൽ പ്ലാന്റുകൾ തകർത്തത് വഴി അവരുടെ യുദ്ധഫണ്ട് ഇല്ലാതാക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം, ഇറാനിൽ നിന്നും യെമനിൽ നിന്നും ഇസ്രായിലിലേക്ക് മിസൈൽ, റോക്കറ്റ് ആക്രമണങ്ങൾ തുടരുകയാണ്. ശനിയാഴ്ച അർദ്ധരാത്രി മുതൽ ഇറാനിൽ നിന്ന് എട്ട് തവണ റോക്കറ്റുകൾ തൊടുത്തുവിട്ടതായും യെമനിൽ നിന്ന് മിസൈൽ ആക്രമണം ഉണ്ടായതായും ഇസ്രായിൽ സൈന്യം സ്ഥിരീകരിച്ചു. ഇറാൻ നടത്തിയ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റതായാണ് വിവരം. യെമനിൽ നിന്നുള്ള മിസൈൽ ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് ലഭിച്ചതോടെ തെൽ അവീവിൽ പ്രതിഷേധിച്ചിരുന്നവർ ചിതറിപ്പോയി. ഫെബ്രുവരി 28-ന് തുടങ്ങിയ യുഎസ്-ഇസ്രായിൽ-ഇറാൻ പോരാട്ടം ഇപ്പോൾ മേഖലയിലാകെ വലിയ സംഘർഷമായി വളർന്നിരിക്കുകയാണ്.



