റിയാദ്– കേരളത്തിൽ യു.ഡി.എഫ് മുന്നണിയുടെ വിജയം സുനിശ്ചിതമാക്കാൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് റിയാദ് കെ.എം.സി.സി വനിതാ വിംഗ് പ്രചാരണ പരിപാടി സംഘടിപ്പിച്ചു. മലാസിലെ കിംഗ് അബ്ദുല്ല പാർക്കിൽ ഒത്തുകൂടിയ വനിതാ പ്രവർത്തകർ പ്ലക്കാർഡുകൾ ഏന്തി യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചു.
കേരളത്തിന്റെ വികസനത്തിനും പ്രവാസികളുടെ ക്ഷേമത്തിനും യു.ഡി.എഫ് അധികാരത്തിൽ വരേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ചടങ്ങിൽ സംസാരിച്ച നേതാക്കൾ ഓർമ്മിപ്പിച്ചു. പ്രവാസികൾ നേരിടുന്ന യാത്രാക്ലേശങ്ങൾ പരിഹരിക്കാനും, ടിക്കറ്റ് നിരക്കിലെ വർദ്ധനവ് നിയന്ത്രിക്കാനും, പ്രവാസി പുനരധിവാസ പദ്ധതികൾ കാര്യക്ഷമമാക്കാനും യു.ഡി.എഫിന് മാത്രമേ സാധിക്കൂ എന്ന് വനിതാ വിംഗ് ചൂണ്ടിക്കാട്ടി.
നാട്ടിലുള്ള തങ്ങളുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും വോട്ടവകാശം വിനിയോഗിക്കണമെന്നും ,നാടിന്റെ ഐക്യവും മതനിരപേക്ഷതയും നിലനിർത്താൻ യു.ഡി.എഫ് സ്ഥാനാർത്ഥികളെ അവരുടെ ഔദ്യോഗിക ചിഹ്നങ്ങളിൽ വോട്ട് രേഖപ്പെടുത്തി വൻ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന് വനിതാ വിംഗ് ഭാരവാഹികളായ പ്രസിഡന്റ് റഹ്മത് അഷ്‌റഫ് ,ജനറൽ സെക്രട്ടറി ജസീല മൂസ എന്നിവർ ആഹ്വാനം ചെയ്തു. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വനിത വിംഗ് പ്രവർത്തകരായ നജ്മ ഹാഷിം ,സബിത മുഹമ്മദലി ,സാറ നിസാർ ,ഫസ്‌ന ഷാഹിദ്, സുഹറ സൈദലവി ,സൽമ ഹാഷിം ,നിസ നിസാർ തങ്ങളുടെ പ്രിയപ്പെട്ട സ്ഥാനാർത്ഥികൾക്കായി വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് ഈ ഐക്യദാർഢ്യ പരിപാടിയിൽ പങ്കുചേർന്നു. വരും ദിവസങ്ങളിൽ സോഷ്യൽ മീഡിയ വഴിയും കുടുംബ കൂട്ടായ്മകൾ വഴിയും പ്രചാരണം കൂടുതൽ ഊർജ്ജിതമാക്കാൻ വനിതാ വിംഗ് തീരുമാനിച്ചു.



