കൊച്ചി– പത്തു വർഷങ്ങൾക്ക് ശേഷം കൊച്ചിയിൽ ഇറങ്ങിയ ഇന്ത്യക്ക് ആശ്വാസ ജയം. 2027 എഎഫ്സി ഏഷ്യൻ കപ്പ് യോഗ്യത ഗ്രൂപ്പ് റൗണ്ടിലെ അവസാന മത്സരത്തിൽ ഹോങ്കോങ്ങിനെയാണ് ഇന്ത്യ തകർത്തത്. ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ആയിരുന്നു ഇന്ത്യയുടെ വിജയം. യോഗ്യത മത്സരത്തിൽ ഇന്ത്യയുടെ ഏക വിജയവും ഇതുതന്നെയാണ്. ഇന്ത്യക്ക് വേണ്ടി ആദ്യമായി ബൂട്ട് കെട്ടിയ ഓസ്ട്രേലിയക്കാരനായ റ്യാൻ വില്യംസ്, ആകാശ് മിശ്ര എന്നിവരാണ് വല കുലുക്കിയത്. എതിരാളികൾക്ക് വേണ്ടി എവർട്ടൻ കമർഗോയാണ് ആശ്വാസ ഗോൾ കണ്ടത്
മത്സരം ആരംഭിച്ച് നാലാം മിനുറ്റിൽ തന്നെ മൺവിർ സിംഗ് നൽകിയ പന്തിൽ നിന്നും വില്യംസ് ഇന്ത്യക്ക് വേണ്ടി ഗോൾ നേടി. ഒന്നാം പകുതിയിൽ വീണ്ടും നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും മുതലെടുക്കാനായില്ല.
രണ്ടാം പകുതി ആരംഭിച്ച് മിനുറ്റുകൾക്കുള്ളിൽ തന്നെ ഇന്ത്യ രണ്ടാമത്തെ ഗോളും നേടി. രാഹുൽ ഭേക്കെ എറിഞ്ഞ ത്രോയിൽ ആകാശ് ലക്ഷ്യം കാണുകയായിരുന്നു. 66-ാം മിനുറ്റിൽ ഇന്ത്യൻ പ്രതിരോധ താരങ്ങളുടെ ഒരു ചെറിയ പിഴവ് എതിരാളികളുടെ ഗോളിലേക്ക് വഴി വെച്ചു. കമർഗോയാണ് ഇന്ത്യൻ വല കുലുക്കിയത്. തൊട്ടു പിന്നാലെ പരുക്ക് പറ്റിയതിനെ തുടർന്ന് വില്യംസിനെ പിൻവലിച്ച് ജിക്സൺ സിങ്ങിനെയും അൻവർ അലിക്ക് പകരം മലയാളി താരം ആഷിക്ക് കുരുണിയനെയും പരിശീലകൻ ഖാലിദ് ജമീൽ കളത്തിൽ ഇറക്കി.
ജയിച്ചെങ്കിലും ഗ്രൂപ്പ് റൗണ്ടിൽ അഞ്ചു പോയിന്റ് മാത്രമുള്ള ഇന്ത്യ ബംഗ്ലാദേശിനും പിറകിൽ അവസാന സ്ഥാനത്താണ്.







