റോം– നാലു തവണ ജേതാക്കൾ, രണ്ടുതവണ രണ്ടാം സ്ഥാനക്കാർ, തുടർച്ചയായി ലോകകപ്പ് നേടിയ ആദ്യ ടീം എന്ന റെക്കോർഡുകൾ എല്ലാം കരസ്ഥമാക്കിയ അസൂറിപ്പട എന്നറിയപ്പെടുന്ന ഇറ്റലി ഇന്ന് തോറ്റാൽ നഷ്ടമാകുന്നത് തുടർച്ചയായ മൂന്നാം ലോകകപ്പ് അവസരം. 2018, 2022 ലോകകപ്പുകളിൽ അവസരം നഷ്ടപ്പെട്ട ഇവർ ഇന്ന് കളിക്കാൻ ഇറങ്ങുന്നത് 2026 ലോകകപ്പിലേക്കുള്ള അവസാന പോരാട്ടത്തിനാണ്. ഇന്ത്യൻ സമയം രാത്രി 12:15ന് ബോസ്നിയ ആൻഡ് ഹെർസഗോവിനക്ക് എതിരെയാണ് നിർണായക പോരാട്ടം.
മുൻ താരം ജെന്നാരോ ഗട്ടുസോയുടെ കീഴിൽ ഇറങ്ങുന്ന ഇറ്റലി കഴിഞ്ഞ മത്സരത്തിൽ നോർത്തേൺ അയർലണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചാണ് അവസാന അങ്കത്തിന് യോഗ്യത നേടിയത്. മികച്ച ഫോമിലുള്ള മധ്യനിരതാരം സാൻഡ്രോ ടോനലി, മോയിസ് കീൻ, ഗോൾകീപ്പർ ഡോണരുമ, ബാസ്‌റ്റോണി, ബരെല്ലാ എന്നിവരിൽ എല്ലാമാണ് ടീമിന്റെ പ്രതീക്ഷ.
എന്നാൽ മറുവശത്ത് സ്വന്തം ആരാധകർക്ക് മുന്നിൽ ഇറങ്ങുന്ന ബോസ്നിയ ആൻഡ് ഹെർസഗോവിനക്കും പ്രതീക്ഷകൾ ഏറെയാണ്. കഴിഞ്ഞ മത്സരത്തിൽ കരുത്തരായ വെയ്ൽസിനെ അവരുടെ തട്ടകത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ തകർത്താണ് ഇവരുടെ വരവ്. ഒരു ഗോളിന് പിന്നിൽ നിന്ന് ശേഷമാണ് ബോസ്നിയ ആ മത്സരത്തിൽ തിരിച്ചുവന്നത്. സ്ട്രൈക്കർ എഡിൻ ഡെസ്കൊയിലാണ് ടീമിന്റെ പ്രതീക്ഷകൾ മുഴുവൻ.
ലോകകപ്പിലേക്ക് അവസരം തേടുന്ന മറ്റു മത്സരങ്ങളിൽ ചെക്ക് റിപ്പബ്ലിക് ഡെന്മാർക്കിനെയും, കൊസാവോ തുർക്കിയേയും, സ്വീഡൻ പോളണ്ടിനെയും നേരിടും.
നാളത്തോടെ 2026 ലോകകപ്പിലേക്കുള്ള എല്ലാ ടീമുകളുടെയും ചിത്രം തെളിയും.



