ഗാസ– ഹമാസ് നേതൃത്വത്തിലുള്ള പോലീസ് സേനയുടെ ചെക്ക്പോസ്റ്റുകള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ നടത്തിയ രണ്ട് വ്യോമാക്രമണങ്ങളില്‍ ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ ആറ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായും ഏതാനും പേര്‍ക്ക് പരിക്കേറ്റതായും പ്രാദേശിക ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. യു.എസ് മധ്യസ്ഥതയിലുള്ള വെടിനിര്‍ത്തല്‍ അഞ്ച് മാസത്തിലേറെ മുമ്പ് നിലവില്‍ വന്നിട്ടും ഗാസയില്‍ ഇസ്രായില്‍ ആക്രമണങ്ങള്‍ തുടരുകയാണ്. തെക്കന്‍ ഗാസ മുനമ്പിലെ ഖാന്‍ യൂനിസിലെ രണ്ട് പോലീസ് ചെക്ക്പോസ്റ്റുകള്‍ ഇസ്രായിലി വിമാനങ്ങള്‍ ആക്രമിച്ചതായും മൂന്ന് പോലീസ് ഉദ്യോഗസ്ഥരും ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ മൂന്ന് സാധാരണക്കാരും കൊല്ലപ്പെട്ടതായും നാല് പേര്‍ക്ക് പരിക്കേറ്റതായും മെഡിക്കല്‍ ജീവനക്കാര്‍ പറഞ്ഞു. ഏറ്റവും പുതിയ ആക്രമണങ്ങളെ കുറിച്ച് ഇസ്രായില്‍ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല. നവംബറില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം ഗാസയില്‍ ഇസ്രായില്‍ സൈന്യം 680 ലേറെ ഫലസ്തീനികളെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് പ്രാദേശിക ആരോഗ്യ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
2023 ഒക്ടോബറില്‍ യുദ്ധം ആരംഭിച്ചതിനുശേഷം ഗാസയില്‍ 72,000 ലേറെ ആളുകള്‍ കൊല്ലപ്പെട്ടു. ഇസ്രായില്‍ നിലവില്‍ അമേരിക്കക്കൊപ്പം ഇറാനെതിരെ യുദ്ധം നടത്തുകയാണ്. കൂടാതെ ഹിസ്ബുല്ലക്കെതിരെ പുതിയ ആക്രമണവും ആരംഭിച്ചിട്ടുണ്ട്. ഇസ്രായില്‍ സൈന്യം തെക്കന്‍ ലെബനോനില്‍ കരയാക്രമണവും നടത്തുന്നുണ്ട്. ഒരു മാസം മുമ്പ് ഇറാന്‍ യുദ്ധം ആരംഭിച്ചതിനുശേഷം ഇസ്രായില്‍ സൈന്യം ഗാസയില്‍ കുറഞ്ഞത് 50 ഫലസ്തീനികളെ കൊലപ്പെടുത്തിയതായി ഗാസ മുനമ്പിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ പറയുന്നു.



