തെഹ്‌റാന്‍ – ഖാദര്‍ ക്ലാസ് ക്രൂയിസ് മിസൈലുകള്‍ ഉപയോഗിച്ച് മേഖലയിലെ ജലാതിര്‍ത്തിയില്‍ യു.എസ്.എസ് എബ്രഹാം ലിങ്കണ്‍ വിമാനവാഹിനിക്കപ്പല്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഇറാന്‍ സൈന്യം അറിയിച്ചു. ഇറാന്‍ തീരത്ത് നിന്ന് വിമാനവാഹിനിക്കപ്പലിലേക്ക് നിരവധി മിസൈലുകള്‍ വിക്ഷേപിച്ചതിൽ ചിലത് ലക്ഷ്യത്തിലെത്തി. ആക്രമണം യുദ്ധക്കപ്പലിനെ ഗതി മാറ്റാന്‍ നിര്‍ബന്ധിതമാക്കിയതായും ഇറാന്‍ സൈന്യം ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. സൈനിക പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും വരും കാലയളവില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്നും ഇറാന്‍ നാവിക സേനാ കമാന്‍ഡര്‍ ഷഹ്റാം ഇറാനി വ്യക്തമാക്കി. ഈ വിമാനവാഹിനിക്കപ്പലിന്റെ നീക്കങ്ങള്‍ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ശത്രുതാപരമായ കപ്പല്‍പ്പട നമ്മുടെ മിസൈല്‍ സംവിധാനങ്ങളുടെ പരിധിയില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍, ഇറാന്‍ നാവികസേനയുടെ ശക്തമായ ആക്രമണങ്ങള്‍ക്ക് ലക്ഷ്യമായി മാറും എന്നും ഷഹ്‌റാം ഇറാനി പറഞ്ഞു. സംഭവത്തെ കുറിച്ച് അമേരിക്ക ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



