ജിദ്ദ: ജിദ്ദ ഏറനാട് മണ്ഡലം കെ.എം.സി.സിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമവും പരേതനായ മുനീർ കാവനൂരിന്റെ കുടുംബത്തിനുള്ള സഹായ ഫണ്ട് വിതരണവും നടത്തി. ഷറഫിയ അൽ റയാൻ ക്ലിനിക്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ജിദ്ദ മലപ്പുറം ജില്ലാ കെ.എം.സി.സി ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയുടെ കുടുംബ സുരക്ഷാ പദ്ധതിയിൽ ചേരാനുള്ള അവസാന തീയതി അടുത്തുവരികയാണെന്നും പരമാവധി പ്രവാസികളെ ഈ പദ്ധതിയിൽ അംഗങ്ങളാക്കണമെന്നും അദ്ദേഹം പറഞ്ഞു. നോർക്ക കെയർ രജിസ്ട്രേഷൻ നിലവിൽ ലഭ്യമാണെന്നും പ്രവാസികൾ ഇത് പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്തിടെ അന്തരിച്ച മണ്ഡലം കെ.എം.സി.സി പ്രവർത്തകരായ മുനീർ കാവനൂർ, മുസ്തഫ വെള്ളില എന്നിവരെ ജില്ലാ വൈസ് പ്രസിഡന്റ് സൈതലവി പുളിയക്കോട് അനുസ്മരിച്ചു. മണ്ഡലം കെ.എം.സി.സിയും കാവനൂർ പഞ്ചായത്ത് കെ.എം.സി.സിയും സംയുക്തമായി സമാഹരിച്ച മുനീർ കാവനൂർ കുടുംബസഹായ ഫണ്ട്, ജില്ലാ അഡ്വൈസറി ചെയർമാൻ കെ.എം. മുഹമ്മദ് മണ്ഡലം സെക്രട്ടറി മൊയ്തീൻ കുട്ടി കാവനൂരിന് കൈമാറി.
മണ്ഡലം പ്രസിഡന്റ് സുൽഫീക്കർ ഒതായി അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹി അബു കാട്ടുപാറ റമദാൻ സന്ദേശം നൽകി. അരീക്കോട് ബ്ലോക്ക് മെമ്പർ ജെലീല ടീച്ചർ, മണ്ഡലം ഭാരവാഹികളായ സലാം കെ.വി, സലിം കിഴുപറമ്പ്, അലി പത്തനാപുരം, ബക്കർ കെ.ടി, മുഹമ്മദ് സി, ഫാറൂഖ് ഉറങ്ങാട്ടിരി എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി മൊയ്തീൻ കുട്ടി സ്വാഗതവും ട്രഷറർ മൻസൂർ അരീക്കോട് നന്ദിയും പറഞ്ഞു. അബു അരീക്കോട് ഖിറാത്ത് നടത്തി. വിവിധ പഞ്ചായത്ത് ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകി.



