വാഷിംഗ്ടണ്‍ – ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ പൂർണ്ണമായും തുറന്നുകൊടുത്തില്ലെങ്കിൽ ഇറാന്റെ പ്രധാന വൈദ്യുത നിലയങ്ങൾ തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാനെ താൻ പൂർണ്ണമായും തകർത്തുകഴിഞ്ഞുവെന്നും നിശ്ചയിച്ചതിലും എത്രയോ മുൻപേ തന്റെ രാജ്യം ലക്ഷ്യങ്ങൾ കൈവരിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടു. ഹുർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ഇറാനെതിരെയുള്ള ട്രംപിന്റെ ഈ ഭീഷണി.
ന്യൂയോർക്ക് ടൈംസ് പത്രത്തിലെ വിശകലന വിദഗ്ധനായ ഡേവിഡ് സാംഗർ തനിക്കെതിരെ ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയായി തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയാണ് ട്രംപ് ഈ കാര്യങ്ങൾ വ്യക്തമാക്കിയത്. താൻ ലക്ഷ്യങ്ങൾ നേടിയിട്ടില്ലെന്ന വാദം തെറ്റാണെന്നും നിശ്ചയിച്ചതിലും ആഴ്ചകൾക്ക് മുൻപേ ലക്ഷ്യങ്ങൾ കൈവരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോർക്ക് ടൈംസിന്റെ തെറ്റായ വിശകലനങ്ങളെ അദ്ദേഹം രൂക്ഷമായി പരിഹസിക്കുകയും ചെയ്തു.
ഇറാന്റെ നാവികസേനയും വ്യോമസേനയും നശിച്ചുവെന്നും അവർക്ക് ഇപ്പോൾ യാതൊരു പ്രതിരോധ ശേഷിയുമില്ലെന്നും ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ നേതൃത്വം അവസാനിച്ചതായും അവർ ഇപ്പോൾ സമാധാന കരാറിനായി ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തനിക്ക് അങ്ങനെയൊരു കരാറിന്റെ ആവശ്യമില്ലെന്നാണ് ട്രംപിന്റെ നിലപാട്. ന്യൂയോർക്ക് ടൈംസ് എപ്പോഴും തെറ്റായ വാർത്തകളാണ് നൽകുന്നതെന്നും തിരഞ്ഞെടുപ്പ് സമയത്തെപ്പോലെ തന്നെ ഇപ്പോഴും അവർ പരാജയമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.



