തെഹ്‌റാൻ – യുദ്ധം നാലാം വാരത്തിലേക്ക് കടന്നിരിക്കുമ്പോൾ ഇറാന്റെ പുതുവത്സരമായ നുറൂസ് ദിനത്തിലും ശത്രുക്കൾക്കെതിരെ അതിശക്തമായ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കി ഖതം അൽ അൻബിയ വക്താവ്. അമേരിക്കയെയും ഇസ്രായേലിനെയും തോൽപിക്കാനുള്ള ഏക വഴി തങ്ങൾ പഠിച്ചുവെന്നും അത് പതറാത്ത പ്രതിരോധമാണെന്നും സൈനിക വക്താവ് പറഞ്ഞു. യുദ്ധം നീണ്ടു പോകുന്നത് ശത്രുക്കളുടെ സൈനിക താവളങ്ങൾ കൂടുതൽ തകരാൻ കാരണമാവുമെന്നും ഇറാൻ സംയുക്ത സൈനിക വക്താവ് മുന്നറിയിപ്പ് നൽകി. ഓരോ നഷ്ടവും കൂടുതൽ ശക്തമായി തിരിച്ചടിക്കാനുള്ള ആവേശമാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ വ്യോമാക്രമണങ്ങൾ ശത്രുക്കളുടെ പ്രതിരോധത്തിലെ വിള്ളലുകളെ തുറന്നുകാട്ടിയതായും അദ്ദഹം അവകാശപ്പെട്ടു.
ഇതിനോടൊപ്പം തന്നെ ഇറാനിൽ നിന്ന് 4,000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യ സൈനിക താവളത്തിനു നേരെ മിസൈൽ ആക്രമണം നടത്തി ഞെട്ടിച്ചിരിക്കുകയാണ് ഇറാൻ. ഇന്ത്യൻ മഹാസമുദ്രത്തിനു മധ്യത്തിൽ സ്ഥിതി ചെയ്യുന്ന യുഎസ്-യുകെ സൈനിക താവളമായ ഡീഗോ ഗാർഷ്യ ലക്ഷ്യമിട്ട് രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് വിക്ഷേപിച്ചത്. പക്ഷേ ഇവ ലക്ഷ്യത്തിലെത്തിയില്ലെന്ന് വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം അമേരിക്കയുടെ അത്യാധുനിക യുദ്ധവിമാനമായ എഫ്35നെ ആക്രമിച്ചതായി ഇറാൻ വെളിപ്പെടുത്തിയിരുന്നു. യുദ്ധം ആരംഭിച്ചതിനു ശേഷം ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാനഇ, സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനി എന്നിങ്ങനെ നിരവധി പ്രമുഖർ കൊല്ലപ്പെട്ടു.
ഇറാൻ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇറാനിൽ ഇതുവരെ 1,444ലധികം ആളുകൾ കൊല്ലപ്പെടുകയും 19,324 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇസ്രയേലിൽ ഇതുവരെ 22 പേർ കൊല്ലപ്പെട്ടതായും 4100 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.



