യാമ്പു: റോയൽ കമ്മീഷൻ സോയാബീൻ ക്രഷിംഗ് കമ്പനിയിൽ പതിനാല് വർഷമായി ജോലി ചെയ്തു വന്നിരുന്ന കോഴിക്കോട് ചേളാരി സ്വദേശി അബ്ദുൾ റഹീമിന് യാമ്പു ഒ ഐ സി സി യാത്രയയപ്പ് നൽകി. നാട്ടിൽ കോൺഗ്രസിന്റെ ചാലപ്രം മണ്ഡലം ബൂത്ത് പ്രസിഡന്റ് ഭാരവാഹിയായി സേവനം ചെയ്തു വരുന്ന സമയത്താണ് സൗദി അറേബിയയിലേക്ക് ജോലി ആവശ്യാർഥം ജിദ്ദയിൽ എത്തുന്നത്. ജിദ്ദയിൽ നാല് വർഷംത്തെ ജോലിക്ക് ശേഷമാണ് യാമ്പു സോയബീൻ കമ്പനിയിൽ പ്രവേശിക്കുന്നത്. കോൺഗ്രസ് പ്രസ്ഥാനത്തെ അതിന്റെ ആശയത്തേയും തത്വത്തേയും മുറുകെ പിടിച്ച് ജീവിച്ച അബ്ദു റഹീം യാമ്പു ഒ ഐ സി സി യുടെ മെമ്പറും സജീവ പ്രവർത്തകനുമായിരുന്നു. നാട്ടിൽ ഭാര്യയും രണ്ട് മക്കളും ഉണ്ട്. ഒരു മകൾ ജോലി ആവശ്യാർഥം ഭർത്താവുമൊത്ത് യൂ കെ യിലാണ്. മകൻ നാട്ടിൽ തന്നെ ജോലി ചെയ്യുന്നു.
യാമ്പു ഒ ഐ സി സി പ്രസിഡന്റ് സിദ്ധീഖുൽ അഖ്ബറിന്റെ നേതൃത്വത്തിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ ജനറൽ സെക്രെട്ടറി ഷമീൽ മമ്പാട് സ്വാഗതം ആശംസിച്ചു. ഒ ഐ സി സി / ഇൻകാസ് ഗ്ലോബൽ സെക്രട്ടറി ശങ്കർ എളങ്കുർ, ജിദ്ദ റീജിയണൽ സെക്രട്ടറി അഷ്കർ വണ്ടൂർ, ജനറൽ സെക്രട്ടറി ഷഫീഖ് മഞ്ചേരി, ഒ ഐ സി സി യാമ്പു വൈസ് പ്രസിഡന്റ് ശരത് കാക്കൂർ എന്നിവർ ആശംസകൾ അറിയിച്ചു. യോഗത്തിൽ സൈനുദീൻ കൂറ്റനാട് നന്ദി അറിയിച്ചു.