റിയാദ്– ഗൾഫ് രാജ്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഇറാൻ ഉടൻ അവസാനിപ്പിക്കണമെന്ന് അറബ്-ഇസ്‌ലാമിക രാജ്യങ്ങൾ ആവശ്യപ്പെട്ടു. മേഖലയിലെ സംഘർഷം ലഘൂകരിക്കുന്നതിനും സുസ്ഥിരത വീണ്ടെടുക്കുന്നതിനുമുള്ള ആദ്യപടിയായി ഇറാൻ അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കണമെന്ന് രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ സൗദിന്റെ അധ്യക്ഷതയിൽ ബുധനാഴ്ച വൈകുന്നേരം റിയാദിൽ ചേർന്ന വിദേശകാര്യ മന്ത്രിമാരുടെ കൺസൾട്ടേറ്റീവ് യോഗത്തിലാണ് ഈ ആഹ്വാനം ഉണ്ടായത്. ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് അൽ സയാനി യോഗത്തിൽ പങ്കെടുത്തു.
സൗദി അറേബ്യയ്ക്കും ബഹ്‌റൈനും പുറമെ യു.എ.ഇ, ഖത്തർ, കുവൈത്ത്, ഈജിപ്ത്, ജോർദാൻ, ലെബനൻ, സിറിയ, തുർക്കി, പാകിസ്താൻ, അസർബൈജാൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും യോഗത്തിൽ സംബന്ധിച്ചു. മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളും സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികളും യോഗം ചർച്ച ചെയ്തു.



