തെൽ അവീവ്- ഇറാന്റെ ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബിനെ വ്യോമാക്രമണത്തിലൂടെ വധിച്ചതായി ഇസ്രായിൽ പ്രതിരോധ മന്ത്രി ഇസ്രായിൽ കാറ്റ്‌സ് അറിയിച്ചു. ബുധനാഴ്ച പുലർച്ചെ നടത്തിയ മിന്നലാക്രമണത്തിലാണ് ഖത്തീബ് കൊല്ലപ്പെട്ടതെന്നാണ് ഇസ്രായിൽ അവകാശപ്പെടുന്നത്. എന്നാൽ സംഭവത്തിൽ ഇറാന്റെ ഭാഗത്തുനിന്ന് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
ഇറാന്റെ സുരക്ഷാ തലവൻ അലി ലാരിജാനിയും പാരാമിലിട്ടറി വിഭാഗമായ ബാസിജ് ഫോഴ്‌സ് കമാൻഡർ ഗുലാംറേസ സുലൈമാനിയും കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഇന്റലിജൻസ് മന്ത്രിക്കെതിരെയും ആക്രമണമുണ്ടായിരിക്കുന്നത്. ഇറാനിലെ തന്ത്രപ്രധാനമായ രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവനായ ഖത്തീബിന്റെ വധം ഇറാന് കനത്ത തിരിച്ചടിയാണെന്ന് ഇസ്രായേൽ വിലയിരുത്തുന്നു.
ഇറാനിലെ ഉന്നത ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങൾക്ക് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രിയും നേരിട്ട് അനുമതി നൽകിയിട്ടുണ്ട്. ഇനിമുതൽ ഓരോ നീക്കത്തിനും പ്രത്യേക അനുമതി തേടേണ്ടതില്ലെന്നും സൈന്യത്തിന് ഏത് ഉന്നത ഉദ്യോഗസ്ഥനെയും ലക്ഷ്യമിടാൻ പൂർണ്ണ അധികാരമുണ്ടെന്നും കാറ്റ്‌സ് വ്യക്തമാക്കി. വരും മണിക്കൂറുകളിൽ കൂടുതൽ അപ്രതീക്ഷിത നീക്കങ്ങൾ ഉണ്ടായേക്കാമെന്നും ഇസ്രായിൽ പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നൽകി.



