കുവൈത്ത് സിറ്റി – കുവൈത്തിൽ അട്ടിമറി പ്രവർത്തനങ്ങൾക്ക് പദ്ധതിയിട്ട 16 അംഗ ഭീകരസംഘത്തെ സുരക്ഷാസേന പിടികൂടി. ഹിസ്ബുല്ലയുമായി ബന്ധമുള്ള ഈ സംഘം രാജ്യത്തിന്റെ സുരക്ഷ തകർക്കാൻ ലക്ഷ്യമിട്ടാണ് പ്രവർത്തിച്ചിരുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിയിലായവരിൽ 14 പേർ കുവൈത്ത് പൗരന്മാരും രണ്ട് പേർ ലെബനൻ സ്വദേശികളുമാണ്. രഹസ്യമായ സുരക്ഷാ നിരീക്ഷണത്തിനൊടുവിലാണ് ഇവരെ പിടികൂടിയതെന്ന് മന്ത്രാലയം വക്താവ് ബ്രിഗേഡിയർ ജനറൽ നാസർ ബൂസലൈബ് വ്യക്തമാക്കി.


രാജ്യത്തെ അസ്ഥിരപ്പെടുത്തുക, ക്രമസമാധാനം തകർക്കുക, കുഴപ്പങ്ങൾ സൃഷ്ടിക്കുക എന്നിവയായിരുന്നു ഈ സംഘത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. തോക്കുകൾ, വെടിയുണ്ടകൾ, ഡ്രോണുകൾ, രഹസ്യ ആശയവിനിമയ ഉപകരണങ്ങൾ എന്നിവയ്ക്ക് പുറമെ ഭീകര സംഘടനകളുടെ പതാകകളും നേതാക്കളുടെ ചിത്രങ്ങളും ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കൂടാതെ മദ്യവും മയക്കുമരുന്നും വലിയൊരു തുക പണവും ഇവരുടെ പക്കൽ നിന്നും സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
നിലവിൽ പ്രതികൾക്കെതിരെ ശക്തമായ അന്വേഷണം നടന്നു വരികയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറും. ഇത്തരം ഭീകര സംഘങ്ങളുമായി ബന്ധമുള്ള മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു.
രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും വിട്ടുവീഴ്ചയില്ലാത്ത കാര്യമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വിദേശ ഭീകര സംഘടനകളെ സഹായിക്കുന്നവരോടും അവർക്ക് സാമ്പത്തിക പിന്തുണ നൽകുന്നവരോടും യാതൊരു ദാക്ഷിണ്യവും കാണിക്കില്ലെന്നും, ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഏത് നീക്കത്തെയും ശക്തമായി നേരിടുമെന്നും ബ്രിഗേഡിയർ ജനറൽ നാസർ ബൂസലൈബ് മുന്നറിയിപ്പ് നൽകി.
https://twitter.com/i/status/2033638750169764252



