തിരുവനന്തപുരം– വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനും തിരുത്തലുകൾ വരുത്തുന്നതിനുമുള്ള അവസാന അവസരം തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയായ മാർച്ച് 23 വരെ പുതിയ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. പത്രികാ സമർപ്പണ ദിവസം 18 വയസ്സ് തികയുന്ന ഏതൊരാൾക്കും ഇത്തവണ വോട്ടർപ്പട്ടികയിൽ പേര് ചേർക്കാമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
രജിസ്ട്രേഷൻ പൂർണ്ണമായും ഓൺലൈൻ
വോട്ടർ രജിസ്ട്രേഷൻ നടപടികൾ ലളിതമാക്കുന്നതിനായി പൂർണ്ണമായും ഓൺലൈൻ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. പൊതുജനങ്ങൾക്ക് voters.eci.gov.in എന്ന പോർട്ടൽ വഴിയോ മൊബൈലിലെ ‘വോട്ടർ ഹെൽപ്പ് ലൈൻ’ (Voter Helpline) ആപ്പ് വഴിയോ അപേക്ഷകൾ സമർപ്പിക്കാം.
വിവിധ ആവശ്യങ്ങൾക്കുള്ള ഫോമുകൾ
പുതുതായി പേര് ചേർക്കാൻ ആഗ്രഹിക്കുന്നവർ ഫോം 6 ആണ് പൂരിപ്പിക്കേണ്ടത്. പ്രവാസി മലയാളി വോട്ടർമാർക്കായി ഫോം 6 എ മാറ്റിവെച്ചിരിക്കുന്നു. വിലാസം മാറ്റുന്നതിനും ബൂത്ത് മാറ്റുന്നതിനും തിരിച്ചറിയൽ കാർഡിലെ തെറ്റുകൾ തിരുത്തുന്നതിനുമായി ഫോം 8 ഉപയോഗിക്കാം.
അപേക്ഷാ നടപടികൾ
അപേക്ഷയോടൊപ്പം കളർ പാസ്‌പോർട്ട് സൈസ് ഫോട്ടോ, വയസ്സ് തെളിയിക്കുന്ന രേഖ (Birth Certificate/SSLC/Aadhar), വിലാസം തെളിയിക്കുന്ന രേഖ എന്നിവ ഡിജിറ്റലായി അപ്‌ലോഡ് ചെയ്യണം. അപേക്ഷകന്റെ മൊബൈൽ നമ്പറിനൊപ്പം അടുത്ത ബന്ധുവിന്റെ തിരിച്ചറിയൽ കാർഡ് നമ്പർ കൂടി ഉൾപ്പെടുത്തേണ്ടതുണ്ട്. ഓൺലൈൻ അപേക്ഷ സമർപ്പിച്ചു കഴിഞ്ഞാൽ ബൂത്ത് ലെവൽ ഓഫീസർമാർ (BLO) നേരിട്ടെത്തി വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷമായിരിക്കും അന്തിമ പട്ടികയിൽ പേര് ഉൾപ്പെടുത്തുക. ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകാൻ അർഹരായ എല്ലാ യുവാക്കളും ഈ അവസരം വിനിയോഗിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അഭ്യർത്ഥിച്ചു.



