അബുദാബി – ഇറാന്‍ ആക്രമണങ്ങളില്‍ യു.എ.ഇയില്‍ ഇതേവരെ മരണപ്പെട്ടവരുടെ എണ്ണം ഏഴായി ഉയര്‍ന്നു. ഇന്ന് അബുദാബിയില്‍ മിസൈല്‍ വാഹനത്തില്‍ പതിച്ച് ഫലസ്തീന്‍ പൗരന്‍ മരണപ്പെട്ടതോടെയാണിത്. ആക്രമണങ്ങളില്‍ ഇതുവരെ 145 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഇറാനില്‍ നിന്ന് യു.എ.ഇയിലേക്ക് വിക്ഷേപിച്ച ആറ് ബാലിസ്റ്റിക് മിസൈലുകളും 21 ഡ്രോണുകളും രാജ്യത്തെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തടഞ്ഞതായി യു.എ.ഇ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും ലക്ഷ്യം വെച്ചുള്ള ഭീഷണികളെ ചെറുക്കാനായി അതീവ ജാഗ്രത പുലര്‍ത്തുന്ന വ്യോമ പ്രതിരോധ യൂണിറ്റുകള്‍ പ്രൊജക്ടൈലുകള്‍ വിജയകരമായി ഉപയോഗിച്ചതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം പറഞ്ഞു.
ഇറാന്‍ ആക്രമണങ്ങള്‍ ആരംഭിച്ചതിനുശേഷം, യു.എ.ഇ വ്യോമ പ്രതിരോധ സംവിധാനം മൊത്തം 304 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂയിസ് മിസൈലുകളും 1,627 ഡ്രോണുകളും തടഞ്ഞു. ആക്രമണങ്ങളില്‍ രണ്ടു യു.എ.ഇ സൈനികര്‍ ദേശീയ കടമ നിര്‍വഹിക്കുന്നതിനിടെ രക്തസാക്ഷികളായതായി മന്ത്രാലയം അറിയിച്ചു. പാകിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേശ്, പലസ്തീന്‍ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ ഉള്‍പ്പെടെ അഞ്ച് സാധാരണക്കാരും കൊല്ലപ്പെട്ടു. 145 പേര്‍ക്ക് പരിക്കേറ്റു. നിസ്സാര പരിക്കു മുതല്‍ ഗുരുതരമായ പരിക്കുകള്‍ വരെ ഇവര്‍ക്ക് നേരിട്ടു. യു.എ.ഇ, ഈജിപ്ത്, സുഡാന്‍, എത്യോപ്യ, ഫിലിപ്പൈന്‍സ്, പാകിസ്ഥാന്‍, ഇറാന്‍, ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, അസര്‍ബൈജാന്‍, യെമന്‍, ഉഗാണ്ട, എരിത്രിയ, ലെബനോന്‍, അഫ്ഗാനിസ്ഥാന്‍, ബഹ്റൈന്‍, കൊമൊറോസ്, തുര്‍ക്കി, ഇറാഖ്, നേപ്പാള്‍, നൈജീരിയ, ഒമാന്‍, ജോര്‍ദാന്‍, ഫലസ്തീന്‍, ഘാന, ഇന്തോനേഷ്യ, സ്വീഡന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്കാണ് പരിക്കേറ്റത്.
ഏതൊരു ഭീഷണിയെയും നേരിടാന്‍ യു.എ.ഇ സായുധ സേന പൂര്‍ണ്ണമായും സജ്ജമാണെന്നും രാജ്യത്തിന്റെ സുരക്ഷയെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ നിര്‍ണ്ണായകമായി പ്രവര്‍ത്തിക്കുമെന്നും പ്രതിരോധ മന്ത്രാലയം ആവര്‍ത്തിച്ചു. രാജ്യത്തിന്റെ പരമാധികാരം, സ്ഥിരത, ദേശീയ താല്‍പ്പര്യങ്ങള്‍ എന്നിവ സംരക്ഷിക്കുന്നത് മുന്‍ഗണനയായി തുടരുന്നു. പ്രതിരോധ സേന സംഭവവികാസങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയും പ്രവര്‍ത്തന സന്നദ്ധത നിലനിര്‍ത്തുകയും ചെയ്യുന്നതായും പ്രതിരോധ മന്ത്രാലയം പറഞ്ഞു.



