അബുദാബി – സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹയാനും സംഘര്‍ഷം ഉടനടി അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്തു. സൗദി കിരീടാവകാശി യു.എ.ഇ പ്രസിഡന്റുമായി ഫോണില്‍ ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചക്കിടെയാണ് സംഘര്‍ഷം അവസാനിപ്പിക്കാനും ലഘൂകരിക്കാന്‍ നേതാക്കള്‍ ആഹ്വാനം ചെയ്തത്. വര്‍ധിച്ചുവരുന്ന സൈനിക നടപടികള്‍ പ്രാദേശിക, ആഗോള സുരക്ഷക്കും സ്ഥിരതക്കും സൃഷ്ടിക്കുന്ന ഗുരുതരമായ ഭീഷണികളെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. മേഖലാ രാജ്യങ്ങളെ ലക്ഷ്യം വെച്ചുള്ള തുടര്‍ച്ചയായ ഇറാന്‍ ആക്രമണങ്ങള്‍ ഈ രാജ്യങ്ങളുടെ പരമാധികാര അവകാശങ്ങളുടെയും അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും ലംഘനമാണ്.
മേഖലയിലും ലോകമെമ്പാടും സ്ഥിരതക്കും സുരക്ഷക്കും ഭീഷണിയായ സൈനിക സംഘര്‍ഷം ഉടനടി അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇരുവരും ഊന്നിപ്പറഞ്ഞു. പ്രാദേശിക സുരക്ഷയും സമാധാനവും സംരക്ഷിക്കുന്ന രീതിയില്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ഗൗരവമേറിയ സംഭാഷണത്തിനും നയതന്ത്ര മാര്‍ഗങ്ങള്‍ക്കും മുന്‍ഗണന നല്‍കണമെന്നും സൗദി, യു.എ.ഇ നേതാക്കള്‍ ആവശ്യപ്പെട്ടു.



