തെഹ്‌റാൻ– പശ്ചിമേഷ്യയിൽ വ്യാജ ആക്രമണങ്ങൾ നടത്തി ഇറാനെ പ്രതിക്കൂട്ടിലാക്കാൻ അമേരിക്കയും ഇസ്രായിലും ചേർന്ന് ശ്രമിക്കുന്നുവെന്ന് ഇറാന്റെ ഖതം അൽ-അൻബിയ സെൻട്രൽ ആസ്ഥാന വക്താവ് ഇബ്രാഹിം സോൽഫാഗാരി. ഇറാനെതിരായ സൈനിക-നയതന്ത്ര നീക്കങ്ങൾ ശക്തമാക്കാൻ അമേരിക്കയും ഇസ്രായിലും ചേർന്ന് ഇറാന്റെ ഡ്രോൺ സാങ്കേതികവിദ്യയുടെ രൂപകൽപ്പന മോഷ്ടിച്ച് മേഖലയിൽ വ്യാജ ആക്രമണങ്ങൾ നടത്തി ഞങ്ങളെ പ്രതിക്കൂട്ടിലാക്കാനാണ് ഇവരുടെ നീക്കമെന്ന് ആസ്ഥാന വക്താവ് ഇബ്രാഹിം സോൽഫാഗാരി പറഞ്ഞു.
ഇറാന്റെ തദ്ദേശീയ സാങ്കേതികവിദ്യയിൽ നിർമ്മിച്ച പ്രശസ്തമായ ഷാഹെദ്-136 ഡ്രോണുകളുടെ ഡിസൈൻ യുഎസും ഇസ്രായിലും രഹസ്യമായി പകർത്തിയെന്നാണ് ഇറാൻ വ്യക്തമാക്കുന്നത്. ഈ ഡിസൈനിൽ നേരിയ മാറ്റങ്ങൾ വരുത്തി ലൂക്കാസ് എന്ന പേരിൽ പുതിയ ഡ്രോണുകൾ അവർ പുനർനിർമ്മിച്ചിട്ടുണ്ട്. കാഴ്ചയിൽ ഷാഹെദ് ഡ്രോണുകളുമായി സാമ്യമുള്ള ഇവ ഉപയോഗിച്ച് മേഖലയിലെ വിവിധ കേന്ദ്രങ്ങളിൽ ആക്രമണം നടത്തുകയും, അതിന്റെ ഉത്തരവാദിത്തം ഇറാന്റെ മേൽ കെട്ടിവെച്ച് ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ രാജ്യത്തെ ഒറ്റപ്പെടുത്തുകയുമാണ് ഈ ഗൂഢാലോചനയുടെ പിന്നിലെ പ്രധാന ലക്ഷ്യമെന്ന് സോൽഫാഗാരി വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ പ്രകാരം, ഇറാന്റെ ഡ്രോൺ സാങ്കേതികവിദ്യയെ അനുകരിക്കാനും സമാനമായ രീതിയിലുള്ള വ്യാജ പ്രതിരോധ സംവിധാനങ്ങൾ പരീക്ഷിക്കാനും പാശ്ചാത്യ ശക്തികൾ ശ്രമിക്കുന്നതായി സൂചനയുണ്ട്. പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാന്റെ ഈ പുതിയ വെളിപ്പെടുത്തൽ വൻ നയതന്ത്ര ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. രാജ്യത്തിനെതിരെ കൂടുതൽ ഉപരോധങ്ങളും സൈനിക സമ്മർദ്ദവും അടിച്ചേൽപ്പിക്കാൻ ഇത്തരം കുതന്ത്രങ്ങൾ പയറ്റുന്നത് അംഗീകരിക്കാനാവില്ലെന്നും ഇറാൻ സൈനിക വക്താവ് കൂട്ടിച്ചേർത്തു.



