അബുദാബി – ഇറാൻ വിവേകം വീണ്ടെടുത്ത് അയൽ രാജ്യങ്ങളുടെ മധ്യസ്ഥശ്രമങ്ങളുമായി സഹകരിക്കണമെന്ന് യു.എ.ഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗർഗാശ് ആവശ്യപ്പെട്ടു. അമേരിക്കയുടെയും ഇസ്രായിലിന്റെയും ആക്രമണങ്ങളെ നേരിടാനുള്ള കഴിവില്ലായ്മയാണ് ഇറാന്റെ നിലവിലെ തന്ത്രം പ്രതിഫലിപ്പിക്കുന്നത്. ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ഇറാന്റെ സൈനിക ബലഹീനത, ധാർമ്മിക പാപ്പരത്തം, രാഷ്ട്രീയ ഒറ്റപ്പെടൽ എന്നിവ വെളിപ്പെടുത്തുന്നു. തെറ്റിദ്ധരിപ്പിക്കുന്ന ഇറാൻ നേതാക്കളുടെ മാധ്യമ പ്രസ്താവനകൾ ഈ യാഥാർഥ്യത്തെ മറച്ചുവെക്കില്ല. അയൽ രാജ്യങ്ങൾക്കെതിരായ ആക്രമണം അവസാനിപ്പിച്ച് അവരുടെ മധ്യസ്ഥ ശ്രമങ്ങളുമായി സഹകരിക്കുന്നതിലൂടെ ഇറാൻ വിവേകം വീണ്ടെടുക്കണമെന്നും അൻവർ ഗർഗാശ് പറഞ്ഞു.
ഇറാനിൽ നിന്ന് വിക്ഷേപിച്ച ഒമ്പത് ബാലിസ്റ്റിക് മിസൈലുകളും 33 ഡ്രോണുകളും തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം തടഞ്ഞതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം ഇന്ന് അറിയിച്ചു. ഇറാൻ ആക്രമണങ്ങൾ ആരംഭിച്ച ശേഷം 294 ബാലിസ്റ്റിക് മിസൈലുകളും 15 ക്രൂയിസ് മിസൈലുകളും 1,600 ഡ്രോണുകളും തടഞ്ഞതായി മന്ത്രാലയം വ്യക്തമാക്കി. ഇറാൻ ആക്രമണങ്ങളിൽ യു.എ.ഇ, പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ആറു കൊല്ലപ്പെട്ടതായും വിവിധ രാജ്യങ്ങളിൽ നിന്നുള്ള 141 പേർക്ക് പരിക്കേറ്റതായും യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷയെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിടുന്ന ഏതൊരു ഭീഷണിയെയും നേരിടാനും, അതുവഴി അതിന്റെ പരമാധികാരം, സ്ഥിരത, ദേശീയ ആസ്തികൾ എന്നിവയുടെ സംരക്ഷണം ഉറപ്പാക്കാനും തങ്ങളുടെ സേന പൂർണ്ണമായും സജ്ജമാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ഫെബ്രുവരി 28ന് യു.എസും ഇസ്രായിലും സംയുക്തമായി ഇറാനെ ആക്രമിച്ചതിനു ശേഷം പൊട്ടിപ്പുറപ്പെട്ട യുദ്ധം മൂന്നാം ആഴ്ചയിലേക്ക് പ്രവേശിച്ചു. ലോകത്തിലെ വാതക, എണ്ണ കയറ്റുമതിയുടെ അഞ്ചിലൊന്ന് കടന്നുപോകുന്ന സുപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ തുടർച്ചയായ സ്തംഭനാവസ്ഥയെ കുറിച്ചുള്ള ആശങ്കകൾ വർധിച്ചുവരികയാണ്. കപ്പലുകളെ ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങളിലൂടെ ഇറാൻ ഇത് അടച്ചുപൂട്ടിയത് എണ്ണവില കുതിച്ചുയരാൻ കാരണമായി.



