റാമല്ല – വടക്കന്‍ അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ നാബ്ലസിന് തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ദൂമ ഗ്രാമത്തിലെ മസ്ജിദിന് ജൂതകുടിയേറ്റക്കാര്‍ തീയിട്ടതായി പ്രാദേശിക ഉദ്യോഗസ്ഥനും ഇസ്രായിലി പോലീസും പറഞ്ഞു. കഴിഞ്ഞ ദിവസം അര്‍ധരാത്രിക്ക് ശേഷമാണ് ആക്രമണം. വെസ്റ്റ് ബാങ്കിലെ മസ്ജിദുകള്‍ കത്തിക്കാനുള്ള ശ്രമങ്ങള്‍ വര്‍ധിക്കുന്നതിനെതിരെ ഫലസ്തീന്‍ ഔഖാഫ് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഒരു മാസത്തിനിടെ വെസ്റ്റ് ബാങ്കില്‍ ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണിത്. അക്രമികള്‍ പള്ളിക്ക് തീയിടുകയും അതിന്റെ ചുവരുകളില്‍ വംശീയ മുദ്രാവാക്യങ്ങള്‍ എഴുതുകയും ചെയ്തു. ഇത് ഇസ്‌ലാമിക പുണ്യസ്ഥലങ്ങളെ അശുദ്ധമാക്കുന്ന പ്രവൃത്തിയാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
തീപിടുത്തത്തില്‍ മസ്ജിദിന്റെ പ്രവേശന കവാടത്തിന് കേടുപാടുകള്‍ സംഭവിച്ചതായും പരവതാനികള്‍ ചെറുതായി കത്തിയതായും എ.എഫ്.പി ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തു. പുതുതായി നിര്‍മ്മിച്ച മസ്ജിദിന്റെ മുന്‍ഭാഗങ്ങളിലൊന്നില്‍ കുടിയേറ്റക്കാര്‍ കറുത്ത നിറത്തില്‍ നാച്ച്മാന്‍ സിനഗോഗിന്റെ വീട്ടില്‍ നിന്ന് എന്ന വാചകം എഴുതി. കഴിഞ്ഞ ചൊവ്വാഴ്ച ഒഴിപ്പിക്കപ്പെട്ട ഓര്‍ നാച്ച്മാന്‍ അനധികൃത കുടിയേറ്റ കോളനിയെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് ഇസ്രായിലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ചുവരില്‍ ഡേവിഡിന്റെ നക്ഷത്രവും വരച്ചിരുന്നു. തീയിടാന്‍ ഉപയോഗിച്ച പദാര്‍ഥം അടങ്ങിയ പ്ലാസ്റ്റിക് കുപ്പിയും കാര്‍ ടയറും സ്ഥലത്ത് ഉപേക്ഷിച്ചാണ് ജൂതകുടിയേറ്റക്കാര്‍ സ്ഥലംവിട്ടത്.
മസ്ജിദിന് തീയിടുകയും അതിന്റെ ചുവരുകളില്‍ സ്‌പ്രേ പെയിന്റ് ചെയ്ത മുദ്രാവാക്യങ്ങള്‍ എഴുതുകയും ചെയ്ത പ്രതികളെ കുറിച്ചുള്ള റിപ്പോര്‍ട്ടും രേഖകളും ലഭിച്ചതായി ഇസ്രായിലി പോലീസ് പ്രസ്താവനയില്‍ ചൂണ്ടികാട്ടി. പ്രതികള്‍ക്കായി സേന തിരച്ചില്‍ നടത്തി. സുരക്ഷാ ഏജന്‍സികളുമായി സഹകരിച്ച് സംഭവത്തിന്റെ സാഹചര്യങ്ങളെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
ഏകദേശം പുലര്‍ച്ചെ 2:30 ന്, ഒരു കൂട്ടം തീവ്രവാദ കുടിയേറ്റക്കാര്‍ മസ്ജിദിന് തീയിടാന്‍ ശ്രമിക്കുകയായിരുന്നെന്ന് ദൂമ ലോക്കല്‍ കൗണ്‍സില്‍ മേധാവി സുലൈമാന്‍ ദവാബ്‌ഷെ വ്യക്തമാക്കി. പക്ഷേ ദൈവത്തിന്റെ കാരുണ്യത്താലും പ്രദേശവാസികളുടെ ജാഗ്രതയാലും മസ്ജിദ് പൂര്‍ണമായി കത്തിയില്ല. ഇതേ മസ്ജിദിന് നേരെയുള്ള ആദ്യത്തെ ആക്രമണമല്ല ഇത്. നിരവധി ആക്രമണ ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒറ്റപ്പെട്ട് കിടക്കുന്ന ഗ്രാമമായതിനാല്‍ ജൂതകുടിയേറ്റക്കാരുടെയും ഇസ്രായില്‍ സൈന്യത്തിന്റെയും ലക്ഷ്യമായി ദൂമ ഗ്രാമം മാറിയിരിക്കുന്നു. 2023 ഒക്ടോബര്‍ 7 ന് ഇസ്രായിലും ഹമാസും തമ്മില്‍ ഗാസ മുനമ്പില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം, ഗ്രാമത്തിന് ചുറ്റും നാല് അനധികൃത ജൂതകുടിയേറ്റ കോളനികള്‍ സ്ഥാപിക്കപ്പെട്ടതായും സുലൈമാന്‍ ദവാബ്‌ഷെ പറഞ്ഞു.
2015 ല്‍, ജൂതകുടിയേറ്റക്കാര്‍ ദൂമ ഗ്രാമത്തിലെ ഫലസ്തീന്‍ ശിശു അലി ദവാബ്‌ഷെയെ ഉറങ്ങിക്കിടന്നപ്പോള്‍ ജീവനോടെ ചുട്ടുകൊന്നിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ ബാലന്റെ മാതാപിതാക്കളായ സഅദും റിഹാമും പിന്നീട് മരിച്ചു. ഇവരുടെ വീട് ജൂതകുടിയേറ്റക്കാര്‍ അഗ്നിക്കിരയാക്കുകയായിരുന്നു.
കിഴക്കന്‍ ജറൂസലം ഒഴികെയുള്ള വെസ്റ്റ് ബാങ്കില്‍, ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമായി കണക്കാക്കുന്ന കുടിയേറ്റ കോളനികളില്‍ ഇപ്പോള്‍ അഞ്ചു ലക്ഷത്തിലേറെ ജൂതകുടിയേറ്റക്കാര്‍ താമസിക്കുന്നു. ഏകദേശം 30 ലക്ഷം ഫലസ്തീനികളും വെസ്റ്റ് ബാങ്കില്‍ ജീവിക്കുന്നു. മിക്ക ജൂതകുടിയേറ്റക്കാരും അക്രമത്തില്‍ ഏര്‍പ്പെടുന്നില്ലെങ്കിലും ഒരു ചെറിയ, തീവ്രവാദ ന്യൂനപക്ഷം ഫലസ്തീനികള്‍ക്കെതിരെ ആക്രമണങ്ങള്‍ നടത്തുന്നു. സമീപ മാസങ്ങളില്‍ ഇത് വര്‍ധിച്ചു.



